സംസ്ഥാനത്ത് 7.54 കോടിയുടെ 9 ടൂറിസം പദ്ധതികള്‍ക്ക് അനുമതി
22.02.2024
തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ അനുഭവ വേദ്യ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്‍റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി സാധ്യമാക്കുന്നതാണ് പദ്ധതി. നദീതീരങ്ങള്‍, ഇക്കോടൂറിസം, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ സുസ്ഥിരവും തദ്ദേശീയ വികസനം സാധ്യമാക്കുന്നതുമായ സര്‍ക്കാരിന്‍റെ നയത്തോടു ചേരുന്നപദ്ധതികളായിട്ടാണ് നടപ്പാക്കുന്നത്.
വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സാധ്യമാക്കുന്ന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസന സാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ആധുനിക വത്കരണത്തിലൂടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.