ദേശീയ ശ്രദ്ധയാകർഷിച്ച് അനന്തപുരിയിലെ അങ്കക്കളരി
അയൂബ് ഖാൻ
തിരുവനന്തപുരം: ജനവിധിക്ക് രണ്ട് ദിവസം ബാക്കി നിൽക്കെ
തലസ്ഥാന നഗരിയിലെ അങ്കത്തട്ടിലെ ചതുരംഗ പലകയിൽ കണ്ണും നട്ട് രാജ്യം. നിലവിലെ എം.പി.യും കേന്ദ്ര മന്ത്രിയും മുൻ എം.പി യും ഏറ്റുമുട്ടുന്ന തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിന് ഘടാകടിയൻമാരായ ദേശീയ നേതാക്കളെയടക്കം വിജയ കിരീടം ചൂടിക്കുകയും അടിതെറ്റിച്ച് വീഴ്ത്തുകയും ചെയ്ത ചരിത്രവുമുണ്ട്. സാക്ഷാൽ വി.കെ.കൃഷ്ണമേനോനും ആനിമസ്ക്രീനും കെ.കരുണാകരനും പി.കെ.വി യുമെല്ലാം പ്രതിനിധീകരിച്ച മണ്ഡലമാണ് തലസ്ഥാനനഗരി. എം.എൻ ഗോവിന്ദൻ നായർ എന്ന പരിണത പ്രജ്ഞനായ രാഷ്ട്രീയ നേതാവ് നവാഗതാനായ നീലലോഹിതദാസിന് മുന്നിൽ അടി തെറ്റിവീണ ചരിത്രവുമുണ്ട്. യുഡിഎഫും എൽഡിഎഫും നേർക്ക് നേർ പോരാട്ടം നടത്തിയിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ വീറുറ്റ മത്സരം കാഴ്ചവെച്ച് ഇടതിനെ മൂന്നാമതാക്കി ബിജെപി കടന്നുകയറി. ഇതോടെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന നഗരി
രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമായി മാറി.
തിരുവനന്തപുരത്ത് ഹാട്രിക് അടിച്ച് ജന ഹൃദയങ്ങളിൽ ഇടം നേടിയ ശശി തരൂരിനെ തന്നെ നാലാം അങ്കത്തിലേക്ക് ഇറക്കിയ കോൺഗ്രസിന് ആദ്യമേ കളത്തിലിറങ്ങി നിലയുറപ്പിച്ചതിൻ്റെ മുൻകൈ ഉണ്ട്.തെക്കേ ഇന്ത്യയിൽ വേരുറപ്പിക്കാൻ സാക്ഷാൽ നരേന്ദ്ര മോദി തന്നെ മത്സരിക്കാനെത്തിയേ ക്കാമെന്ന വായ്ത്താരി ഉയർന്നതിന് പിന്നാലെ ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെയും വിദേശകാര്യ മന്ത്രി ജയ് ശങ്കറിൻ്റെയും നടി ശോഭനയുടെ യുമൊക്കെ പേരുകളും ഉയർന്ന ശേഷമാണ് ബി.ജെ പി സ്ഥാനാർത്ഥി യായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ തിരുവനന്തപുര ത്തേക്കുള്ള വരവ്. മികച്ച സ്ഥാനാർത്ഥിയെ തേടിയുള്ള പാച്ചിലിനൊടുവിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കാനുറച്ച തിരുവനന്തപുരത്തിൻ്റെ മുൻ എം.പി കൂടിയായ പന്ന്യൻ രവീന്ദ്രനെ പാർട്ടി നിർബന്ധിച്ച് മത്സര രംഗത്തേ ക്കിറക്കി തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിപ്പിച്ചതോടെ 2024 ലോക്സഭ തിരഞ്ഞെടുപ്പിലെഏറ്റവും ശ്രദ്ധേയമായ മൽസരങ്ങളിലൊന്ന് നടക്കുന്ന ഇടമായി തിരുവനന്തപുരം മാറി.
ഇത്തവണയും വിജയം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശശി തരൂരും യുഡിഎഫും. കേരളത്തിൽവേരു പടർത്താൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ബിജെപി വിജയപ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ആദ്യ സ്ഥാനത്താണ് തിരുവനന്തപുരം .ഇത്തവണ രാജീവ് ചന്ദ്രശേഖറിലൂടെ ഒന്നാം സ്ഥാനത്തെത്താനുള്ള കഠിനപ്രയത്നമാണ് നടത്തുന്നത്.
കഴിഞ്ഞ മൂന്ന് പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ മൂന്ന് വട്ടം വിജയിച്ച് കോൺഗ്രസും രണ്ട് വട്ടം രണ്ടാം സ്ഥാനം ബി.ജെ.പിയും കൈയ്യടക്കിയതിൻ്റെ കേട് തീർത്ത് വെന്നിക്കൊടി പാറിക്കാനുറച്ചാണ്
തിരുവനന്തപുരത്തിൻ്റെ മുൻ എം.പി കൂടിയായിരുന്ന പന്ന്യൻ രവീന്ദ്രൻ രംഗത്തുള്ളത്..ഇവിടെ ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് പന്ന്യൻ രവീന്ദ്രനും.
വിജയപ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും അടിത്തട്ടിലെ അടിയൊഴുക്കുകൾ എങ്ങനെ എന്നറിയാത്തതും വോട്ടർമാർ മനസ് തുറക്കാത്തതും മുന്നണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണവരെ തരൂരിനൊപ്പം നിന്ന നഗര വോട്ടർമാരിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് എത്രത്തോളം ആണ് എന്നതും തീരദേശത്ത് നിന്ന് കഴിഞ്ഞതവണ ലഭിച്ച പിന്തുണ അതേ അളവിൽ ഇത്തവണയും ലഭിക്കുമോ എന്നതിനെയും ആശ്രയിച്ചാകും ജയപരാജയം.
കേന്ദ്ര മന്ത്രി എന്നതും നരേന്ദ്രമോഡിയുടെ സ്വീകാര്യതയും തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് രാജീവ് ചന്ദ്രശേഖർ. എങ്കിലും മുമ്പ് മത്സരിച്ച ഒ. രാജഗോപാലിനും
കുമ്മനം രാജശേഖരനും ലഭിച്ച സ്വീകാര്യത ലഭിക്കുമോ എന്നതും
തീര മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ഉണ്ടാകുമോ എന്നതിനെയും ആശ്രയിച്ചാകും വിജയ സാധ്യത.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടതുവോട്ടുകൾ തിരികെ ലഭിക്കുമോ എന്നതും പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന സാമുദായിക, ന്യൂനപക്ഷ വോട്ടുകൾ എത്രത്തോളം ലഭിക്കും എന്നതും പന്ന്യൻ്റെ വിജയത്തിൽ നിർണ്ണായകമാകും. കടമ്പകൾ മറികടന്ന് പത്മനാഭൻ്റെ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത് ആരാണെന്നറിയാൻ ജൂൺ വരെ കാത്തിരിക്കുകയേ മാർഗ്ഗമുള്ളൂ.