ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ - ഇന്ത്യൻ മഹാസമുദ്രത്തിലും തടയുമെന്ന് ഹൂതികൾ
27.04.2024
ഏദൻ:ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിലും തടയുമെന്ന ഭീഷണിയുമായി ഹൂതികൾ.ചെങ്കടൽ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂതി മുന്നറിയിപ്പ് നൽകി.ഫലസ്തീൻ ജനതക്ക് നേരെ ഇസ്രയേൽ നടത്തുന്ന നരമേധം അവസാനിപ്പിക്കുന്നത് വരെ ഇത് തുടരുമെന്നും ഫലസ്തീനെ ശക്തമായി പിന്തുണക്കുമെന്നും ഹൂതികൾ ആവർത്തിച്ചു.നവംബർ മുതൽ ഇസ്രായേൽ,അമേരിക്ക,യു.കെ എന്നിവയുമായി ബന്ധമുള്ള 102 കപ്പലുകളാണ് ഇതുവരെ ലക്ഷ്യമിട്ടത്. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമിക്കപ്പെടുന്നുണ്ട്. ഹൂതികളുടെ ആക്രമണത്തിൽ നിന്ന് അറബിക്കടലിലെയും ചെങ്കടലിലെയും കപ്പൽ പാതകൾ സംരക്ഷിക്കാൻ അമേരിക്കൻ-ബ്രിട്ടീഷ് സേനകൾ ആരംഭിച്ച സംയുക്ത ദൗത്യം പരാജയപ്പെട്ടെന്ന് ഹൂതി സെെനിക നേതൃത്വം അറിയിച്ചു.