മദർ ഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും
12.07.2024
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ സാൻ ഫെർണാണ്ടോ എന്ന ചരക്കു കപ്പൽ ദൗത്യം പൂർത്തിയാക്കി ഇന്ന് മടങ്ങും.പരീക്ഷണ ഘട്ടത്തിലുള്ള ചരക്കിറക്കലായതിനാലാണ് മടക്കം ഒരു ദിവസം വൈകുന്നത്.മുൻ നിശ്ചയ പ്രകാരം ഇന്നലെ തന്നെ കപ്പൽ പുറപ്പെടേണ്ടതായിരുന്നു.വിവിധ രാജ്യങ്ങളിലേക്കും ഇന്ത്യക്കകത്തുമായി എത്തിക്കാനുളള 1960 കണ്ടെയ്നറുകൾ ഇറക്കാനുള്ള നടപടി ഇന്നലെ മുഖ്യമന്ത്രിയുടെ സ്വീകരണം കഴിഞ്ഞയുടൻ ആരംഭിച്ചിരുന്നു അൺ ലോഡിംഗ് പൂർത്തിയാകുന്ന മുറക്ക് അമേരിക്ക ലക്ഷ്യമാക്കി കപ്പൽ പുറപ്പെടും.ബുധനാഴ്ച രാത്രിയിൽ വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിട്ട കപ്പലിനെ വ്യാഴാഴ്ച രാവിലെ വാട്ടർ സല്യൂട്ട് ചെയ്താണ് വിഴിഞ്ഞം തുറമുഖ ത്തേക്ക് ആനയിച്ചത്.നിലവിൽ അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ കപ്പൽ എന്ന പേരുമായാണ് സാൻ ഫെർണാണ്ടോ യുടെ മടക്കം.ക്യാപ്റ്റൻ ഉക്രൈൻ സ്വദേശി വ്ലാഡിമർ ബോണ്ടാരങ്ക ക്യാപ്റ്റനായ കപ്പലിൽ 22 ജീവനക്കാരാണുള്ളത്.രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരും ഉണ്ട്.പാലക്കാട് വാണിയംകുളം സ്വദേശി പ്രജീഷ് ഗോവിന്ദ രാജ്,തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻ ജി എൻ ഹരി എന്നിവരാണ് മലയാളികൾ.ക്യാപ്റ്റനെ ഇന്നലെ നടന്ന ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചിരുന്നു.