ടി.ടി.സി. വിദ്യാർത്ഥിനിയുടെ മരണം - അപകടം സൃഷ്ടിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു
06.09.2024
വിഴിഞ്ഞം : ടി.ടി.സി. വിദ്യാർത്ഥിനിയുടെ ദാരുണാന്ത്യത്തിന് വഴിതെളിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറ്റൊരു ഓട്ടോയിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഓട്ടോ ഡ്രൈവർ വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കരയിൽ ഷൈജു (30) വിനെയാണ് വിഴിഞ്ഞം സി.ഐ പ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത 105 പ്രകാരം മനപൂർവ്വമായ നരഹത്യക്ക് കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ചവൈകുന്നേരം നാലര യോടെ വിഴിഞ്ഞം കിടാരക്കുഴി മുള്ളു മുക്കിന് സമീപം നടന്ന അപകടത്തിൽ വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തി ഭവനത്തിൽ സേവ്യറിൻ്റെ മകൾ ഫ്രാൻസികയ മരണപ്പെട്ട കേസിലാണ് അറസ്റ്റ്. ട്രാഫിക് നിയമം ലംഘിച്ച് വലതുവശത്തുകൂടി ഷൈജു ഓടിച്ച ഓട്ടോ ടി ടി സി വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം. ഇടിയേറ്റ ഓട്ടോ റോഡിലേക്ക് മറിഞ്ഞത് കണ്ടിട്ടും അതിലെ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കാതെ ഷെെജു തൻ്റെ ഓട്ടോയുമായി സ്ഥലം വിട്ടു. സംഭവം നടന്നയുടൻ പ്രതിക്കായി
പോലീസ് വിവിധ ഗ്രൂപ്പുകൾ തിരിഞ്ഞ്
അന്വേഷണം നടത്തി നാല് മണിക്കൂറിനുളളിൽ പ്രതിയെ പിടികൂടുകയായിരുന്നു. 60 സി.സി.ടി. വി കാമറകൾ കേന്ദ്രികരിച്ച് പരിശോധന നടത്തി ഉച്ചക്കടയിൽ ഒരു വീടിന് മുന്നിൽ ഒതുക്കിയിട്ടിരുന്ന ഓട്ടോ കണ്ടെത്തി തുടർന്ന് വിഴിഞ്ഞം കോട്ടപ്പുറത്തെ വീട്ടിൽ നിന്ന് ഷൈജുവിനെയും പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ മദ്യപിച്ച നിലവിലായിരുന്നു ഷൈജുവെന്നും ഓട്ടോക്ക് മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ദരും, ഫോറൻസിക് വിഭാഗവും സ്ഥലത്തും അപകടത്തിൽപ്പെട്ട ഇരു ഓട്ടോകളിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. എസ്. ഐ.മാരായ വിനോദ് , ബിനു, സി.പി ഒ.മാരായ രാമു, സാബു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെയും ഓട്ടോയും കസ്റ്റഡിയിൽ എടുത്തത്.