വിഴിഞ്ഞം തുറമുഖം : തദ്ദേശ വാസികൾക്ക് തൊഴിൽ ഉറപ്പാക്കണം
07.11.2024
കോവളം : സിപിഐ എം 24–-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി മൂന്ന് ദിവസമായി നടന്നുവന്ന കോവളം ഏരിയാ സമ്മേളനം സമാപിച്ചു.
വിഴിഞ്ഞം തുറമുഖത്തിൽ തദ്ദേശ വാസികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന് വിഴിഞ്ഞത്ത് നടന്ന സിപിഐഎം കോവളം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും അഞ്ച് ലക്ഷം തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുക.
നിർമ്മാണത്തിൻ്റെ ആദ്യഘട്ടങ്ങൾ പൂർത്തിയാകുമ്പോഴും സൃഷ്ടിക്കപ്പെട്ട തൊഴിലുകളിൽ പ്രദേശവാസികൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ഉണ്ടായിട്ടില്ല.കരാർ തൊഴിലുകളിൽ വിവിധ ഏജൻസികൾ നടത്തുന്ന നിയമനങ്ങളിൽ ഉൾപ്പെടെ പ്രദേശവാസികൾ തഴയപ്പെടുകയാണ്.വിഴിഞ്ഞം പദ്ധതിക്കുവേണ്ടി എല്ലാം വിട്ടുനൽകിയ ജനതയ്ക്ക് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക. മഹാത്മാ അയ്യൻകാളിയുടെ ജന്മഗൃഹവും സ്ഥലവും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം. വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് സ്ഥലം ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നൽകണം എന്നിവയും പ്രമേയം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. മുതിർന്ന നേതാക്കളായ പയറുംമൂട് തങ്കപ്പൻ, ആറ്റുപുറം അലി, എം എം ഇബ്രാഹിം എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
ഏരിയാ സെക്രട്ടറി പി എസ് ഹരികുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ചയും തുടർന്ന് പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞടുത്തു.