ബെെപാസിൻ്റ സർവീസ് റോഡിന് സമീപം സാമൂഹ്യ വിരുദ്ധർ ഒരു ലോഡ് ഇറച്ചി മാലിന്യം തള്ളി
12.12.2024
വിഴിഞ്ഞം: ഇരുട്ടിൻ്റെ മറവിൽ
ബൈപ്പാസിൻ്റെ സർവ്വിസ് റോഡിനോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ ഒരു ലോഡ് കോഴിമാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. ദുർഗന്ധം സഹിക്ക വയ്യാതെ നാട്ടുകാർ പരാതിയുമായെത്തിയതോടെ പോലീസ് എത്തി ജെ.സി.ബി യുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് മാലിന്യം കുഴിച്ച് മൂടി. മുക്കോലക്കും കല്ലുവെട്ടാൻ കുഴിക്കുമിടയിലാണ് ഇന്നലെ രാത്രിയിൽ മാലിന്യം നിക്ഷേപിച്ചത്. പരിസരം മുഴുവൻ ദുർഗന്ധമായ തോടെ നാട്ടുകാർ പരാതിയുമായി രംഗത്തിറങ്ങി.തെരുവ് നായ്ക്കളും കാക്കകളും കൊത്തിവലിച്ച് വീടിൻ്റെ പരിസരത്തും മറ്റും കൊണ്ടിട്ടതും നാട്ടുകാരെ വലച്ചു .തെരുവ് വിളക്കോ, നിരീക്ഷണ കാമറകളോ ഇല്ലാത്ത വിജനമായ ബൈപ്പാസ് മേഖലയാണ് ജനത്തിന് ദുരിതമായത്. നേരത്തെയും പല പ്രാവശ്യം ഇവിടെ ചാക്കുകളിൽ എത്തിച്ച മാലിന്യം നിക്ഷേപിച്ചിരുന്നു. അതിൻ്റെ ദുരിതം മാറി വരുന്നതിനിടയിലാണ് ഇന്നലെ വീണ്ടും വാഹനത്തിൽ എത്തിച്ച കോഴിമാലിന്യം തട്ടിയത്. നാട്ടുകാരുടെ പാരാതി ശക്തമായ തോടെ വിഴിഞ്ഞം പോലീസ് എത്തി ജെ. സി.ബിയുടെ സഹായത്തോടെ സമീപത്തെ പറമ്പിൽ കുഴിച്ച് മൂടി താല്കാലിക പരിഹാരം കണ്ടു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പോലിസ് അറിയിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടുപിടിക്കാൻ പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.