ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന്
29.11.2025
അയൂബ് ഖാൻ
തിരുവനന്തപുരം: ജെസ്വിറ്റ്‌സ് സുഹൃത് സംഘമായ ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരത്തിന് വിഴിഞ്ഞം ചപ്പാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ എൽ. പങ്കജാക്ഷനെ തെരഞ്ഞെടുത്തു.
വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പിന്തുണയില്ലാതെ, ജാതി, മത, സാമുദായിക, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ ചിന്തകൾക്കതീതമായി നീതിബോധവും സാമൂഹ്യബോധവും പരിസ്ഥിതിബോധവും വളർത്തുന്ന സുസ്ഥിര സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ ദീർഘകാലമായി ഏർപ്പെടുന്ന വ്യക്തികൾക്ക് നൽകുന്നതാണ് ഈ പുരസ്‌കാരം. കേരളത്തിലെ ജെസ്വിറ്റ് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇഗ്നിസ് കേരള.
കഴിഞ്ഞ നാൽപത്തിനാലു വർഷമായി എൽ. പങ്കജാക്ഷൻ സാമൂഹ്യ സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമാണ്.
ഡിസംബർ 20 ന് വൈകിട്ട് 3 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എൽ. പങ്കജാക്ഷന് പുരസ്കാരം കെെമാറും.