കല്പാലക്കടവ് (വള്ളക്കടവ്) കടക്കാൻ അങ്കം - നിലനിറുത്താനും പിടിച്ചെടുക്കാനും മുന്നണികൾ
02.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം: അന്താരാഷ്ട വിമാനത്താളവും രാജ്യത്തെ രണ്ട് ജൈവ വൈവിധ്യ പാർക്കുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതുമായ വള്ളക്കടവ് തെരഞ്ഞെടുപ്പ് ചൂടിൽ ചുട്ടു പൊള്ളുകയാണ്. ചരിത്രമുറങ്ങുന്നതും ഗതകാലസ്മരണകൾ ഇരമ്പുന്നതും എന്നറിയപ്പെട്ടിരുന്നതുമായ വള്ളക്കടവ് ആദ്യകാലത്ത് കല്പാലക്കടവ് എന്നാണറിയപ്പെട്ടിരുന്നത്. തുടക്കകാലത്ത് വാർഡ് യുഡിഎഫ് അനുകൂലമായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതിൻ്റെ ഉറച്ച കോട്ടയായി മാറി.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് ജനങ്ങളുടെ ഇഷ്ട കൗൺസിലറായി കരുത്ത് തെളിയിച്ച ഷാജിതാ നാസറാണ് ഇക്കുറിയും എൽ.ഡി.എഫിൻ്റെ തുറുപ്പ് ചൂട്ട് . ഒരിക്കൽ മേയർ പദവിയിലേക്ക് വരെ ചർച്ച ചെയ്യപ്പെട്ട പേരാണ് ഷാജിത.
രണ്ട് വട്ടം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദം അലങ്കരിച്ചിരുന്നു
അഞ്ചാം അങ്കത്തിന് വീണ്ടും അങ്കത്തട്ടിലിറങ്ങിയ ഷാജിത ഇത്തവണയും ജനങ്ങൾ തനിക്കൊപ്പമാണെന്നും ഭൂരിപക്ഷം വർദ്ധിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് കൈവിട്ട വാർഡ് ഇത്തവണ തിരിച്ചു പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്ന വാർഡിൽ യുവ മുഖമായ നജുമുനിസയാണ് ജനവിധി തേടുന്നത്. വാർഡിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന പൊതു പ്രവർത്തക കൂടിയായ സ്ഥാനാർത്ഥിക്കുള്ള വ്യക്തി ബന്ധങ്ങൾ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പാർട്ടി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചതോടെ വാർഡ് പിടിക്കാൻ കൈ മെയ് മറന്നുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. രണ്ട്പതിറ്റാണ്ടിനിപ്പുറം നടത്തിയ വാർഡ് പുനർനിർണ്ണയത്തോടെ വാർഡിൻ്റെ ഘടന തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലും യുഡിഎഫ് നേതൃത്വത്തിനുണ്ട്.
നഗരസഭ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ മത്സര രംഗത്ത് തീപാറും പോരാട്ടം നടത്തുന്ന ബി.ജെ.പിയും ശക്തമായ പ്രചരണമാണ് നടത്തുന്നത്. വാർഡ് പുനർനിർണ്ണയത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കരുത്ത് കാട്ടാൻ തെരഞ്ഞെടുപ്പ് രംഗത്ത് നവാഗതയായ ഗീത ദിനേശിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.