പുത്തളത്ത് ഭിന്നശേഷിക്കാരൻ്റെ വീടും വാഹനങ്ങളും അടിച്ചു തകർത്തു.
03.12.2025
പൂവാർ: ഇരുട്ടിൻ്റെ മറവിൽ കോട്ടുകാൽ പുത്തളത്ത് ഭിന്നശേഷിക്കാരന്റെ വീടും വാഹനങ്ങളും അടിച്ചുതകർത്ത ശേഷം കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. ആക്രമണത്തിനിടെ കൈമുറിഞ്ഞ ആക്രമികൾ ചുമരിൽ രക്തം തേച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. സമീപത്തെ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡിലും രക്തക്കറ തേച്ചു. ബഹളം കേട്ട് നാട്ടുകാർ ഉണർന്നതോടെ അക്രമികൾ ഓടി മറഞ്ഞു. ബുധനാഴ്ച്ച
പുലർച്ചെ 2.30 ഓടെയാണ് ഭിന്നശേഷിക്കാരനായ കോട്ടുകാൽ പുത്തളം മാനസിയിൽ ഭിന്നശേഷിക്കാരനായ രാജശേഖരന്റെ (55) .വീട്ടിലും കടയിലും സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അടിച്ചു തകർക്കുകയും, കടയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന രാജശേഖരന്റെ മകൻ്റെ ബൈക്കും അടിച്ചു തകർത്തു. സംഭവത്തിൽ കോട്ടുകാൽ പുത്തളം അമ്പലംതട്ട് പറങ്കിമാംവിള വീട്ടിൽ ഷാഹുൽ രാജ് (26), സുഹൃത്ത് പുത്തളം സ്വദേശി ശരത് (27) എന്നിവർക്കെതിരെ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.ഒന്നാം പ്രതി ഷാഹുൽ രാജിന്റെ സഹോദരൻ രാഹുൽരാജ് ജയിലിലാണ്. രാഹുൽരാജിനു ജാമ്യം ലഭിക്കാത്തതിന് കാരണം രാജശേഖരനും മക്കളും എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങൾ അടിച്ചുതകർത്ത അക്രമികൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന 35000 രൂപയും കവർന്നു.സംഭവ സമയത്ത് അക്രമികളെ ഭയന്ന് വീട്ടിൽ നിന്നും ആരും പുറത്തിറങ്ങിിയില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.