സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ പുരുഷ ടൂർണമെന്റ് 2023-2024 തുടങ്ങി
തിരുവനന്തപുരം:ദക്ഷിണ മേഖല അന്തർ സർവകലാശാല ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് തുടങ്ങി. കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.മോഹനൻ കുന്നുമ്മലും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി ഒബ്‌സർവർ അജിത് മോഹനും ചേർന്ന് പതാകകൾ ഉയർത്തിയതോടു കൂടി വർണ്ണാഭമായ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽഅധ്യക്ഷനായി.സിൻഡിക്കേറ്റ് അംഗവും സംഘാടകസമിതിചെയർമാനു മായ അഡ്വ.മുരളീധരൻ സ്വാഗതം ആശംസിച്ചു. മേളയുടെ ബ്രാൻഡ് അംബാസഡറായ അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസ് വിശിഷ്ടാതിഥിയായി.സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ:ഷിജുഖാൻ ജെ എസ്, പ്രൊഫ: പി എം രാധാമണി രജിസ്ട്രാർ പ്രൊഫ: ഡോ:കെ എസ് അനിൽകുമാർ,പ്രൊഫ:ഡോ: റസിയ കെ ഐ, ഡയറക്റ്റർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഓർഗനൈസിങ് സെക്രട്ടറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള 106 സർവകലാശാലകളിൽ നിന്നായി 1200 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കും.സെനറ്റ് ഹൗസ് ക്യാമ്പസ്, പോലീസ് സ്റ്റേഡിയം,മാർ ഇവാനിസ് കോളേജ്,എൽ.എൻ.സി.പി.ഇ, കാര്യവട്ടം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.നാല് പൂളുകളിലായി 68 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.ആതിഥേയരായ കേരള സർവകലാശാല മാർ ഇവാനിയോസ് കോളേജ് സ്റ്റേഡിയത്തിൽ വച്ച് ഉച്ചക്ക് 2.30 ന് അളഗപ്പ സർവകലാശാലയെ നേരിടും.
ഈ കായിക മേളയിൽ പങ്കെടുക്കു ന്നതിലേക്കായി എത്തിച്ചേരുന്ന കായിക താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും താമസം,ഗതാഗതം,മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും സർവകലാശാല ഒരുക്കിയിട്ടുണ്ട്.നവംബർ 18ന് ടൂർണമെന്റ് സമാപിക്കും.