ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു
06.03.2024
തിരുവനന്തപുരം:ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്
കരാര്‍ ഒപ്പുവച്ചു.പദ്ധതിയുടെ കരാര്‍ ലൈസന്‍സ് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.
കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപ സംഗമത്തിന്‍റെ (ടിഐഎം) ഭാഗമായി ലഭിച്ച നിക്ഷേപ നിര്‍ദേശങ്ങളില്‍ ആദ്യം നടപ്പിലാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയ്ക്കുണ്ട്.
ടൂറിസം വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിആര്‍ഡിസി) ആണ് കാസര്‍കോട് ജില്ലയിലെ ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.
15,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്ന ടിഐഎമ്മില്‍ സര്‍ക്കാര്‍ പദ്ധതി വിഭാഗത്തിലാണ് ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ടൂറിസം ആക്ടിവിറ്റി സോണുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിക്കായി മോറെക്സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ പഞ്ചായത്തിലെ കൊളവയലിലെ 33.18 ഏക്കര്‍ ഭൂമി മോറെക്സ് ഗ്രൂപ്പിന് കൈമാറും. 30 വര്‍ഷമാണ് ലൈസന്‍സ് കാലാവധി.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കലില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലൂടെ അവിടുത്തെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
കേരള ടൂറിസം ഡയറക്ടര്‍ പി ബി. നൂഹ് സ്വാഗതം പറഞ്ഞു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ബിആര്‍ഡിസി ഡയറക്ടറുമായ മണികണ്ഠന്‍. കെ, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ശോഭ, വൈസ് പ്രസിഡന്‍റ് സബീഷ്. കെ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, മോറെക്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. മുഹമ്മദ് നൈഫ്, കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ മനോജ് കുമാര്‍.കെ, മോറെക്സ് ഗ്രൂപ്പ് സ്പോന്‍സര്‍ ഖാലിദ് അലി എം എ. ഷാഹീന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു