ടി പി രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനർ
01.09.2024
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി .ടി പി രാമകൃഷ്ണന് ചുമതല നൽകി. ഇ പി യുടെ ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്‌ഥാന സമിതി കൂടുന്നതിനിടെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് എല്ലാം നടക്കട്ടെ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ നേരത്തെ നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്‌ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംസ്‌ഥാന സമിതി വിഷയം ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളും തുടങ്ങുകയാണ്.പി.കെ.ശശിക്കെതിരെയും, കെ മുകേഷിനെതിരെയും എന്ത് തീരുമാനം ഉണ്ടാവും എന്നതും നിർണ്ണായകമാവും