കോവളത്ത് തെങ്ങിൻ തോപ്പിന് തീപിടിച്ചു.
09.01.2025
വിഴിഞ്ഞം: സ്വകാര്യ വ്യക്തിയുടെ പത്തേക്കറോളം വരുന്ന തെങ്ങിൻ തോപ്പിലെ കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വിഴിഞ്ഞം ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ട് തീയണച്ചു. ഇന്നലെ ഉച്ചയോടെ കോവളം വട്ടവിള നാരകത്തിൻവിള ദേവി ക്ഷേത്രത്തിന് സമീപമുള്ള മണക്കാട് സ്വദേശിയുടെ ഭൂമിയിലാണ് തീ പിടിത്തമുണ്ടായത്. തൊട്ടടുത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നതാണ് പരിഭ്രാന്തി പരത്തിയത്. ഫയർ ഫോഴ്സിൻ്റെ ഇടപെടൽ മൂലം തീ സമീപ സ്ഥലങ്ങളിലേക്ക് പടരാതെ തടയാനായത് വൻനാശനഷ്ടം ഒഴിവാക്കി. ഒരു വശത്ത് ചെറുതായി കണ്ട തീ കാറ്റുണ്ടായിരുന്നതിനാൽ വളരെ പെട്ടെന്ന് പടർന്ന് പിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ രണ്ടേക്കറോളം സ്ഥലത്ത് തീ പടർന്നതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.