കോവളം - കാരോട് ബെെപാസിൽ യാത്രക്കിടെ സ്വകാര്യ ആഢംബര ബസ്സിന് തീപിടിച്ചു -യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു
11.01.2025
വിഴിഞ്ഞം : കോവളം - കാരോട് ബൈപ്പാസ് റോഡിൽ തിരുപുറം മണ്ണയ്ക്കൽ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ഓടികൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ലഗ്ഗേജുകളും അഗ്നിക്കിരയായതായി യാത്രക്കാർ .ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോൾവോ ബസ്സിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി നോക്കുന്നതിനിടെ തീ കത്തുകയായിരുന്നു. ഇതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. ബസിൽ നിറഞ്ഞ പുക ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കില്ല.വിവരം അറിയിച്ചതിനെ തുടർന്ന് പൂവാർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തി നൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്.ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മറ്റൊരു ബസ്സിൽ കയറ്റി വിട്ടു. തുടക്കം മുതൽ ബസിന് ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതു സംബന്ധിച്ച് യാത്രക്കാരു ബസ് അധികൃതരുമായി തർക്കമുണ്ടായതായും ബസിൻ്റെ സുരക്ഷ ഉറപ്പുനൽകിയ ശേഷമാണ് യാത്ര തുടർന്നെന്നും യാത്രക്കിടെ നിരവധി പട്രോൾ പമ്പുകളിൽ കയറി ഇന്ധനമടിച്ചിരുന്നതായും വേഗതക്കുറവ് ഉണ്ടായിരുന്നതായും യാത്രക്കാർ പറയുന്നു. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വൻതുക ടിക്കറ്റിനത്തിൽ ഈടാക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വൻതുക ടിക്കറ്റിന് ഈടാക്കിയിട്ടും സുരക്ഷിതത്വം ഉറപ്പുവരുത്താത്തതിനെതിരെ പരാതിനൽകുമെന്നും യാത്രക്കാരിൽ ചിലർ പറഞ്ഞു. സംഭവത്തെ കുറിച്ച് പൂവാർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്