വേനൽ കനത്തു - വിഴിഞ്ഞത്ത് തീ പിടുത്തം പതിവായി
10.02.2025
വിഴിഞ്ഞം : വേനൽ കടുത്ത തോടെ നിരന്തരം തീപിടിത്തവും ഫയർ ഫോഴ്സിൻ്റെ ജോലിഭാരവും വർദ്ധിച്ചു. ഒരാഴ്ചക്കുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധിയിടങ്ങളിലെ അടിക്കാടുകൾ കത്തിയമർന്നു. ഇന്നലെ വിഴിഞ്ഞം മുക്കോലയിൽ അടച്ചിട്ടിരുന്ന വീടിന് തീപിടിച്ചു. വീട്ടിൽ നിന്ന് പടർന്ന തീ സമീപത്തെ പറമ്പിലും പടർന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തൊട്ടടുത്ത വീടുകളിലേക്ക് തീപടരാത്തത് വൻഅപകടം ഒഴിവാക്കി. ചിറയിൻകീഴ് സ്വദേശി ശ്രീകുമാറിൻ്റെ വീടിനാണ് ഇന്നലെ ഉച്ചയോടെ തീപിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയിൽ വിഴിഞ്ഞം സോണൽ ഓഫീസിന് പുറകിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പടർന്ന തീയിൽ നഗരസഭയുടെ വക കണ്ടം ചെയ്യാനായി സൂക്ഷിച്ചിരുന്ന വാനും കത്തിയമർന്നു. ഇവിടെയും വിഴിഞ്ഞം ഫയർ ഫോഴ്സിൻ്റെ ഇടപെടൽ അപകടം ഒഴിവാക്കി