ടെക്നോപാര്‍ക്കിലെ ടെസ്റ്റ്ഹൗസ് രജത ജൂബിലി ആഘോഷിച്ചു
11.03.2025
തിരുവനന്തപുരം: ആഗോളതലത്തില്‍ മുന്‍നിരയിലുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകളിലൊന്നായ ടെസ്റ്റ്ഹൗസിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് വേദിയായി. രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കമ്പനിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രകാശനം ചെയ്തു.മികച്ച ഭാവി പദ്ധതികളാണ് ടെസ്റ്റ്ഹൗസ് ആവിഷ്കരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് ടെസ്റ്റ്ഹൗസിന്‍റെ സ്ഥാപകനും വൈസ് ചെയര്‍മാനുമായ സുഗ് സഹദേവന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതില്‍ നിന്ന് അഞ്ച് മടങ്ങ് വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും 25 വർഷമായി ടെസ്റ്റ്ഹൗസ് എവിടെയായിരുന്നു എന്നതിനൊപ്പം എവിടേക്കാണ് പോകുന്നതെന്ന് അടയാളപ്പെടുത്താന്‍ പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ്ഹൗസിന്‍റെ രജത ജൂബിലി ആഘോഷിക്കാനാകുന്നത് അഭിമാനകരമാണെന്ന് ടെസ്റ്റ്ഹൗസ് സിഇഒ അനി ഗോപിനാഥ് പറഞ്ഞു. 25 വര്‍ഷത്തെ നവീകരണം, മികച്ച ഉപഭോക്തൃ പങ്കാളിത്തം, ജീവനക്കാരുടെ പ്രതിബദ്ധത തുടങ്ങിയവയെ അടയാളപ്പെടുത്തുന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടനും പ്രഭാഷകനുമായ ആശിഷ് വിദ്യാര്‍ത്ഥി നയിച്ച മോട്ടിവേഷന്‍ സെഷന്‍ ചടങ്ങിന് മാറ്റു കൂട്ടി. കേരളത്തിന്‍റെ പരമ്പരാഗത നൃത്തരൂപങ്ങളുടെ അവതരണം, പിന്നണി ഗായകരായ നജിം അര്‍ഷാദ്, സരിത റാം എന്നിവരുടെ ഗാനമേള, ബാലഗോപാല്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരി, ടെസ്റ്റ്ഹൗസ് ജീവനക്കാരുടെ കലാപരിപാടികള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്കാരിക പരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായുണ്ടായി. കമ്പനിയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.