പ്രവര്‍ത്തനങ്ങള്‍ക്കും നയങ്ങള്‍ക്കും പൊതുരൂപം നല്‍കുന്ന റീബ്രാന്‍ഡിംഗുമായി വ്യവസായ വകുപ്പ്
തിരുവനന്തപുരം: വ്യവസായ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നയപരിപാടികള്‍ക്കും പൊതുരൂപം നല്‍കുന്നതിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാന്‍ഡിംഗ് പ്രഖ്യാപനവും ലോഗോയുടെ പ്രകാശനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
വ്യവസായ മേഖലയുടെ സ്വഭാവം ഗുണകരമായി മാറ്റാന്‍ കേരളത്തിനായെന്നും ലോകം ശ്രദ്ധിക്കുന്ന നിക്ഷേപകേന്ദ്രമായി കേരളം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു. റീബ്രാന്‍ഡിംഗിലൂടെ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ബോര്‍ഡുകള്‍ ഉള്‍പ്പെടെ പുന:ക്രമീകരിക്കും. വ്യവസായ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ, താലൂക്ക്, ബ്ലോക്ക് തല ഓഫീസുകള്‍, കെഎസ്ഐഡിസി, കിന്‍ഫ്ര, കെ-ബിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍, കശുവണ്ടി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മാറ്റത്തിന് വിധേയമാകും. ഒറ്റനോട്ടത്തില്‍ മാറ്റം പ്രകടമാകുന്ന റീബ്രാന്‍ഡിംഗ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
റീബ്രാന്‍ഡിംഗ് ലോഗോയിലെ - കെ - എന്നത് കേരള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി പറഞ്ഞു. ആരോ മാര്‍ക്ക് സൂചകം വ്യവസായ മേഖലയുടെ വേഗതയെയും വളര്‍ച്ചയെയും കാണിക്കുന്നു. പരിസ്ഥിതിയെ ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ വ്യവസായ മാതൃക, പരമാവധി വേഗത്തിലും കാര്യക്ഷമതയിലും വ്യവസായ നിക്ഷേപം സാധ്യമാകുന്ന കേന്ദ്രം തുടങ്ങിയ ആശയങ്ങളും റീബ്രാന്‍ഡിംഗ് ലോഗോയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു