ഹഡില്‍ ഗ്ലോബല്‍ ഡിസംബറിൽ - സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
11.07.2025
അയൂബ് ഖാൻ
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ കോവളം ലീല റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ലോകമെമ്പാടുമുള്ള 200 ലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 6000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, മെന്‍റര്‍മാര്‍, എച്ച്എന്‍ഐകള്‍, കോര്‍പറേറ്റുകള്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.
ഒരു സ്റ്റാര്‍ട്ടപ്പ് പരിപാടി എന്നതിനപ്പുറമുള്ള മാനം ഹഡില്‍ ഗ്ലോബല്‍ 2025 ന് ഉണ്ടെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സീറാം സാംമ്പശിവ റാവു പറഞ്ഞു.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആഗോള വളര്‍ച്ചയെ പുനര്‍നിര്‍മ്മിക്കുന്ന സമകാലീന സാഹചര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമെന്ന നിലയില്‍ കേരളം ഉയര്‍ന്നു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമായി തിരിച്ചറിയപ്പെടുന്നതിലേക്കുള്ള കേരളത്തിന്‍റെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡില്‍ ഗ്ലോബല്‍ 2025 എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. 6,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, ഡസന്‍ കണക്കിന് ഇന്‍കുബേറ്ററുകള്‍, സംരംഭകത്വത്തെ സജീവമായി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നായി കേരളം ഉയര്‍ന്നു വന്നിട്ടുണ്ട്.
മികച്ച ആശയങ്ങളും പരിഹാരങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം, ദൃശ്യപരത, വിശ്വാസ്യത, മൂലധനം തുടങ്ങിയവ ലഭ്യമാക്കുന്നൊരിടമായി ഹഡില്‍ ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നു. ഇത്തവണത്തെ ഹഡില്‍ ഗ്ലോബലില്‍ ഉന്നത നിലവാരമുള്ള നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആഗോള മെന്‍റര്‍മാര്‍, ഉന്നതതല മാധ്യമങ്ങള്‍ എന്നിവരുള്‍പ്പെടെ 3,000 ത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര പ്രതിനിധികളും പ്രഭാഷകരും ഇതിന്‍റെ ഭാഗമാകും. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇന്നവേഷന്‍ പരിപാടികളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.