തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിട്ട് യൂത്ത് കോൺഗ്രസ് - പ്രതീകാത്മക പുനർനാമകരണ സദസ്സ് സംഘടിപ്പിച്ചു.
14-10-2023
വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഇതിനായി തുറമുഖ കവാടത്തിന് മുന്നിൽ ഇന്നല പുനർനാമകരണ സദസ്സ് സംഘടിപ്പിച്ചു. മറ്റ് മന്ത്രിസഭകളെല്ലാം തുറമുഖമെന്നത് കടലാസിൽ ഒതുക്കിയപ്പോൾ അത് സാക്ഷാത്കരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി ഉമ്മൻ ചാണ്ടിയുടെ പേര് തുറമുഖത്തിന് നൽകണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി എന്ന പേരിനെ ഭയപ്പെടുന്നതുകൊണ്ടാണ് എൽ ഡി എഫ് മന്ത്രിമാർ ഈ ആവശ്യത്തിൽ നിന്നും മുഖം തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇന്റർനാഷണൽ സീപോർട്ട് എന്നെഴുതിയ സൈൻ ബോർഡ് തുറമുഖത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രവർത്തകർ സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജന ബി സജൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ആർ ശിവകുമാർ, മുജീബ് റഹ്മാൻ, എസ് ആർ സുജി, വിഴിഞ്ഞം അംബ്രോസ്, വിശ്വനാഥൻ നായർ, സുജേഷ് കുമാർ,അൻസാരി സ്റ്റാൻലി ഹെഡ്ഗർ, ജലീൽ, ജ്ഞാനശിഖാമണി, യൂത്ത് കോൺഗ്രസ് നേതാക്കളായ സാജൻ ലാൽ, ആർ എസ് ഷാലിമാർ, കിരൺ ദേവ്, മനോജ്, ചെങ്കൽ റെജി, നൗഫൽ എന്നിവർ സംസാരിച്ചു.