കോവളം ബീച്ചിനോടുള്ള അവഗണന അവസാനിപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സ്
04.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം : അന്തർ ദേശീയ ടൂറിസം കേന്ദ്രമായ കോവളം ബീച്ചിനോടുള്ള അവഗണന അവസാനിപ്പിക്കാനും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനും കോവളം ടാസ്‌ക് ഫോഴ്‌സുമായി ടൂറിസം മേഖലയിലെ സംഘടനകൾ. ഒരു കാലത്ത് വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായിരുന്ന കോവളം ബീച്ചിൽ ഇന്ന് വിദേശ ടൂറിസ്റ്റുകളെ കാണണമെങ്കിൽ മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ്. തെറ്റിയോ തെറിച്ചോ വല്ലപ്പോഴും എത്തുന്നവരിൽ ഒതുങ്ങിയിരിക്കുകയാണ് കോവളം ബീച്ചിലെ വിദേശ വിനോദ സഞ്ചാരികളുടെ സാന്നിദ്ധ്യം. ഓരോ സീസണിലും ലക്ഷങ്ങൾ മുടക്കി ഹോട്ടലുകളും റെസ്റ്റോറൻ്റുകളും നവീകരിച്ച് ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ഇടത്തരക്കാരാണ് അതിജീവന ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കഴിഞ്ഞ 15 വർഷമായി നിരവധി വികസന പദ്ധതികളാണ് കോവളത്തിനായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഇടയ്ക്കിടക്ക് ലക്ഷങ്ങൾ മുടക്കി തട്ടിക്കൂട്ട് നവീകരണ പരിപാടികൾ നടത്തി കണ്ണിൽപൊടിയിട്ടതല്ലാത ഒരു പദ്ധതി പോലും നടപ്പിലാക്കിയില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് തീരം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം. തെരുവ് വിളക്കുകളുടെ അപര്യാപ്തത, സുരക്ഷാ ക്രമീകരണങ്ങളുടെ
പോരായ്മ, ശുദ്ധജല ലഭ്യത കുറവ്,മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ അപര്യാപ്തത,ശുചീകരണ പ്രവർത്തനങ്ങളിലെ കാര്യക്ഷമതയില്ലായ്മ, തെരുവ് നായ്ക്കളുടെ വർദ്ധന, അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ്, ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് ബീച്ചിലെത്താനുള്ള റോഡുകളുടെ അഭാവം, സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടങ്ങി ബീച്ചിലേക്ക് സഞ്ചാരികളെത്തുന്ന കുത്തിറക്കവും കുപ്പിക്കഴുത്ത്പോലുള്ളതുമായി റോഡിൻ്റെ അപകടാവസ്ഥ അടക്കം അടിസ്ഥാന കാര്യങ്ങളിൽ ഒരു മാറ്റവും കൊണ്ടുവരാൻ അധികൃതർക്കായിട്ടില്ല.എങ്കിലും കോടികൾ ചെലവിട്ട് വിദേശത്തടക്കം റോഡ് ഷോകളും കോൺക്ളേവുകളും സംഘടിപ്പിച്ച് ഫണ്ട് ചെലവാക്കുന്ന പരിപാടിക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമായിരുന്ന കോവളത്ത് ബീച്ച് ടൂറിസം അടച്ച്പൂട്ടൽ നേരിടുന്ന അവസ്ഥയാണ്. ആയുർവേദ ചികിത്സ ലഭ്യമാക്കിയുള്ള ഹെൽത്ത് ടൂറിസത്തിലാണ് പലസ്ഥാപനങ്ങളും പിടിച്ച് നിൽക്കുന്നത്. അതിന് കഴിയാത്ത നിരവധി ഇടത്തരം സ്ഥാപനങ്ങളാണ് കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ പൂട്ടിപ്പോയത്. മറ്റ് ചിലത് വില്പനയ്ക്ക് എന്ന ബോർഡ് തൂക്കിയാണ് നിൽക്കുന്നത്. അപൂർവ്വം വൻകിട സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും
വിദേശത്തും മാർക്കറ്റിംഗ് നടത്തി വനോദ സഞ്ചാരികളെ എത്തിച്ചാണ് നിലനിൽക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പിൽഗ്രിം ടൂറിസ്റ്റ്കളെ ആശ്രയിച്ചാണ് കോവളത്തെ ടൂറിസം മേഖല ഇപ്പോൾ മുന്നോട്ട് പോകുന്നത്.
തീരത്ത് നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തീരത്തിൻ്റെ ഭംഗി നശിപ്പിക്കുമ്പോൾ ബീച്ചിലെ ചില സ്ഥാപനങ്ങളെങ്കിലും കക്കൂസ് മാലിന്യം അടക്കം ബീച്ചിലേക്ക് ഒഴുക്കി വിടുന്നതും ഈ മലിനജലം കെട്ടിക്കിടക്കുന്നതും ബീച്ചിനെ
ദുർഗന്ധ പൂരിതമാക്കിയിട്ടും ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇതും വിനോദ സഞ്ചാരികളെ തീരത്ത് നിന്ന് അകറ്റുകയാണെന്ന് ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ പറയുന്നു. ഇത് തടയേണ്ടവർ തങ്ങൾക്കെന്തെങ്കിലും തടഞ്ഞാൽ മതിയെന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്
ഒരു കാലത്ത് ഇന്ത്യൻ ടൂറിസത്തിൻ്റെ ഗേറ്റ് വേ ആയിരുന്ന കോവളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടാണ് കോവളം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു..ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ സംഘടനകളായ സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം , കേരള ഹോട്ടൽസ് ആൻ്റ് റെസ്റ്റോറന്റ് അസോസിയേഷൻ , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, അസോസിയേഷൻ ഓഫ് ട്രാവൽ ആൻ്റ് ടൂർ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് കോവളം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നതെന്നും ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനൊപ്പം ഡെസ്റ്റിനേഷൻ റീ ബ്രാൻഡിംഗ്, വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കോവളം
ബീച്ച് കാർണിവൽ സംഘടിപ്പിക്കൽ എന്നിവയും ടൂറിസം വകുപ്പുമായി ചേർന്ന് നടപ്പിലാക്കാൻ ടാസ്ക് ഫോഴ്സ് ലക്ഷ്യം വെക്കുന്നതായും ഭാരവാഹികൾ മംഗളത്തോട് പറഞ്ഞു.