ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും 2-1ന് ഇന്ത്യ സ്വന്തമാക്കി
01-02-2023
അഹമ്മദാബാദ്:ഏകദിന പരമ്പരയ്ക്ക് പിന്നാലെ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും 2-1ന് ഇന്ത്യ സ്വന്തമാക്കി.പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ കിവീസിനെ 168 റൺസിന് പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യയുടെ പരമ്പര നേട്ടം. ബാറ്റ്സ്മാൻമാർക്ക് പിന്നാലെ ബൗളർമാരും തിളങ്ങിയതോടെ മത്സത്തിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു.ഇന്ത്യ ഉയർത്തിയ 235 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 12.1 ഓവറിൽ വെറും 66 റൺസിന് ഓൾഔട്ടായി.25 പന്തിൽ നിന്ന് 35 റൺസെടുത്ത ഡാരിൽ മിച്ചൽ മാത്രമാണ് കിവീസ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്,ഉമ്രാൻ മാലിക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തത്. ന്യൂസീലൻഡിനെതിരേ ട്വന്റി20-യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.സമീപകാലത്തെ തകർപ്പൻ ഫോം തുടർന്ന ഗിൽ 63 പന്തുകൾ നേരിട്ട് ഏഴ് സിക്സും 12 ഫോറുമടക്കം 126 റൺസോടെ പുറത്താകാതെ നിന്നു.ട്വന്റി20-യിൽ താരത്തിന്റെ കന്നി സെഞ്ചുറിയാ ണിത്.ഇതോടെ വിരാട് കോലിയെ മറികടന്ന് ട്വന്റി20-യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന നേട്ടവും ഗിൽ സ്വന്തമാക്കി.35 പന്തിൽ അർധ സെഞ്ചുറി നേടിയ ഗിൽ അടുത്ത
19 പന്തുകൾ നേരിട്ടാണ് സെഞ്ചുറിയിലേക്കെത്തിയത്.