ഇടതു കോട്ടകൾ തകർത്ത് കൈ പിടിച്ച് തീരദേശ പഞ്ചായത്തുകൾ
13.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം : യുഡിഎഫ് തരംഗത്തിൽ ഇടതു കോട്ടകൾ തകർത്തും കോൺഗ്രസിൻ്ററ കൈ പിടിച്ചും തീരദേശ പഞ്ചായത്തുകൾ.നിലവിൽ ഇടത് ഭരണത്തിലുണ്ടായിരുന്ന പഞ്ചായത്തുകളുടെ ഭരണം തിരിച്ച് പിടിച്ചും കോൺഗ്രസ് ഭരണം ഉണ്ടായിരുന്ന നിലനിറുത്തിയുമാണ് തേരോട്ടം.നിലവിൽ ഭരണത്തിലുണ്ടായിരുന്ന
തിരുപുറം, കരുകുളം ഗ്രാമ പഞ്ചായത്തുകളിൽ ഭരണം നിലനിർത്തിയ യു.ഡി.എഫ് പൂവാർ ,കാഞ്ഞിരംകുളം, കോട്ടുകാൽ പഞ്ചായത്തുകൾ തിരിച്ച് പിടിച്ചാണ് തീരദേശത്ത് ആധിപത്യം ഉറപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂവാർ ഗ്രാമ പഞ്ചായത്തിൽ രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്ന കോൺഗ്രസ് സീറ്റ് നില 8 ആയി ഉയർത്തിയാണ് ഭരണം പിടിച്ചെടുത്തത്. ഇവിടെ ഭരണത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് നാല് സീറ്റിൽ ഒതുങ്ങിയപ്പോൾ ബി.ജെ.പി രണ്ട് സീറ്റുകളിലും വെൽഫെയർ പാർട്ടി ഒരു സീറ്റിലും വിജയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവുമായ പി.കെ സാംദേവ് , സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബോബൻ, മൂന്ന് മുൻ പഞ്ചായത്തംഗങ്ങൾ എന്നിവർ പരാജയം രുചിച്ചു. തിരുപുറം ഗ്രാമപഞ്ചായത്തിൽ ആകെയുള്ള പതിനഞ്ച് സീറ്റിൽ പതിനൊന്നും നേടിയാണ് ഇക്കുറി ഭരണം നിലനിർത്തിയത്. എൽ.ഡി.എഫ് വെറും നാല് സീറ്റിൽ ഒതുങ്ങി. നിലവിലെ പ്രസിഡൻ്റ് ഷീന ആൽബിൻ പരാജയം രുചിച്ചു. റിബൽ ശല്യം ശക്തമായിരുന്ന കരുംകുളം ഗ്രാമ പഞ്ചായത്തിൽ ഭരണം നിലനിർത്താനായതും കോൺഗ്രസിന് നേട്ടമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കെെവിട്ട പഞ്ചായത്ത് ഭരണം പകുതിക്ക് വെച്ച് സിപിഎം ഭരണസമിതിയുടെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ തന്നെ കോൺഗ്രസ്പാളയത്തിൽ എത്തിച്ചാണ് അവസാന രണ്ട് വർഷം യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഇക്കുറി ആകെയുള്ള 19 സീറ്റിൽ 11 ഉം നേടിയാണ് ഭരണത്തിലെത്തുന്നത് .എൽ.ഡി.എഫ് ഏഴ് സീറ്റിൽ ഒതുങ്ങിയപ്പോൾ ഒരു സീറ്റിൽ കോൺഗ്രസ് വിമതൻ സ്വതന്ത്രനായി വിജയിച്ചു. കഴിഞ്ഞ തവണ കെെവിട്ട കാഞ്ഞിരംകുളം പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിൽ നിന്ന് തിരിച്ച് പിടിച്ചു. ആകെയുള്ള 15 സീറ്റിൽ 11 ഉം നേടിയാണ് കോൺഗ്രസ് ശക്തി
തെളിയിച്ചത്. എൽ.ഡി.എഫ് നാല് സീറ്റിൽ ജയിച്ച. തുടർഭരണം ഉറപ്പാക്കാൻ മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പുതുമുഖങ്ങളെ പരീക്ഷണത്തിനിറക്കിയ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലും എൽ.ഡി.എഫിന് കാലിടറി. തീരദേശത്തെ ഇടതു കോട്ടയായിരുന്ന പഞ്ചായത്തിൽ ആകെയുള്ള 21 സീറ്റിൽ എൽ.ഡി.എഫ് ഒൻപത് സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റിൽ ഒതുങ്ങിയിരുന്ന കോൺഗ്രസ് ഇക്കുറി 11 ഇടത്ത് വിജയിച്ചാണ് പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ചത്. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിയും ഇത്തവണ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെട്ടു. തീരദേശത്ത് തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് കൗണ്ടിംഗ് കേന്ദ്രമായ നെല്ലിമൂട് ന്യൂഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കൗണ്ടിംഗ് സ്റ്റേഷന് മുന്നിലെ റോഡിൽ തടിച്ച് കൂടിയ അണികളുടെ ആവേശം വിട്ടുള്ള പ്രകടനങ്ങൾ നിയന്ത്രിച്ച പോലീസ് സംഘർഷ സാധ്യത ഒഴിവാക്കി. ഇടവിട്ട് കൂട്ടംകൂടി നിന്ന പ്രവർത്തകർ തമ്മിൽ നടന്ന വാക്കേറ്റം പോലീസ് ഇടപെട്ട് തണുപ്പിച്ചതോടെ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ വോട്ടെണ്ണൽ പൂർത്തിയാക്കാനായി.