ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ കോവളത്ത് തുടങ്ങി
12.12.2025
കോവളം : ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോക്ക് കോവളം ലീല റാവിസ് ഹോട്ടലില്‍ തുടക്കമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച എക്സ്പോയിൽ കേരളത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസാരിച്ചു. 14 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ അതിഥി ആകും. മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും.
ദി കേരള ഫ്യൂച്ചര്‍ ഫോറം എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍ സെഷനില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം ദുബായ് സെന്‍റര്‍ ഒഫ് എ .ഐ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍, സംസ്ഥാന സ്പെഷ്യല്‍ സെക്രട്ടറി (ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി) സീറാം സാംബശിവ റാവു, കെ.എസ്.യു.എം സി. അനൂപ് അംബിക, പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ സ്ഥാപകനും നടനും സി.ആര്‍.എ.വിയുടെ സഹസ്ഥാപകനുമായ നിവിന്‍ പോളി എന്നിവര്‍ പങ്കെടുക്കും. ഹഡില്‍ ഗ്ലോബല്‍ സമാപന ചടങ്ങില്‍ കെ.എസ്.യു.എം സി .ഇ .ഒ അനൂപ് അംബിക, മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സി.ഇ.ഒയും ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടറുമായ ഡോ.പനീര്‍സെല്‍വം മദനഗോപാല്‍, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്.ഡി സുദര്‍ശന്‍ എന്നിവര്‍ പങ്കെടുക്കും
പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്‍റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്.എന്‍.ഐകള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.