വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ഒരു സീറ്റിൻ്റെ മേൽ കെെ നേടി ഇടത് മുന്നണി - സ്വതന്ത്രൻ്റെ നിലപാടും നിർണ്ണായകം
13.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് ,വലത്, ബി.ജെ.പി മുന്നണികൾക്ക് ഭരിക്കാൻ അവസരം നൽകിയ ചരിത്രമുള്ള വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ ഇത്തവണ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടം വോട്ടെണ്ണലിലും പ്രതിഫലിച്ചു. സ്ഥാനാർത്ഥികളെയും
മുന്നണികളെയും അവസാന നിമിഷം വരെ ആകാംക്ഷയുടെ മുൽമുനയിൽ നിർത്തിയാണ് വോട്ടെണ്ണൽ അവസാനിച്ചത്. ഉദ്വേഗമുയർത്തി നടന്ന വോട്ടെണ്ണലിൽ അന്തിമ ഫലം വന്നപ്പോൾ ഒരു സീറ്റിൻ്റെ മേൽകെെ ഇടതുമുന്നണിക്ക് ലഭിച്ചു. ആകെയുള്ള 22 സീറ്റിൽ 8 സീറ്റുകൾ നേടി ഇടതുമുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസിന് 7 ഉം ബിജെപിക്ക് 6 സീറ്റും ലഭിച്ചു. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. ഇക്കുറി പഞ്ചായത്തിൻ്റെ ഭരണം ആർക്കെന്ന് തീരുമാനിക്കുന്നതിൽ സ്വതന്ത്രൻ്റെ നിലപാട് നിർണ്ണായകമാകും.
കോവളം, തൊഴിച്ചൽ, കല്ലുവെട്ടാൻ കുഴി,ആഴാകുളം, ഡോ. അംബേദ്കർ ഗ്രാമം, അയ്യൻകാളി നഗർ, കടവിൻമൂല , വെള്ളാർ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ഷീലാ അജിത്, ഷീലാഭദ്രൻ, യു.മോഹനൻ, എം.വി.
സരേഷ് കുമാർ, ആർ. സുനിൽകുമാർ, ജയനളിനാക്ഷൻ, ആർ. എസ്. ശ്രീകുമാർ, ശാലിനി എന്നിവരാണ് വിജയിച്ചത്.
വെങ്ങാനൂർ, സിസിലിപുരം,
പെരിങ്ങമ്മല, നെല്ലിവിള, മാവുവിള, വവ്വാമൂല, മുട്ടയ്ക്കാട് വാർഡുകളിൽ യുഡിഎഫിലെ ഇന്ദു ശ്രീകുമാർ, ഷാലി എഡ്വിൻ , മഞ്ഞിലാസ് കുട്ടപ്പൻ, ജിനുലാൽ , ജി.സുരേന്ദ്രൻ, ബിജുകുമാർ, ബെെജു എസ് എന്നിവർ വിജയിച്ചപ്പോൾ
ഹെെസ്കൂൾ വാർഡ്, ചാവടിനട, കട്ടച്ചൽകുഴി,മംഗലത്തുകോണം, ഇടുവ, പനങ്ങോട് എന്നീ വാർഡുകളിൽ എൻ.ഡി.എ മുന്നണിയിലെ മിനി വേണുഗോപാൽ, അനീഷ് എ.കെ, ശ്രീകല ജി.എസ്, ഷിജികുമാർ എസ്, സുമ.ഒ,ശോഭന.പി എന്നിവരും വിജയിച്ചു. മുന്നണികളെ ഞെട്ടിച്ച് വെണ്ണിയൂർ വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച വർഗ്ഗീസിൻ്റെ നിലപാട് പഞ്ചായത്ത് ഭരണം ആർക്ക് ലഭിക്കുമെന്നതിൽ നിർണ്ണായകമാകും. സി.പി.എമ്മിൻ്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള വർഗ്ഗീസ് പാർട്ടിയുമായി തെറ്റിയാണ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയത്. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ മൂന്ന് ബ്ളോക്ക് പഞ്ചായത്ത്വ ഡിവിഷനുകളിൽ രണ്ടെണ്ണം എൽ.ഡി.എഫും, ഒരെണ്ണം കോൺഗ്രസും വിജയിച്ചു. മുട്ടയ്ക്കാട് ഡിവിഷനിൽ നിന്ന് കോൺഗ്രസിലെ ബെൻസി വിജയം നേടിയപ്പോൾ ഇടതുമുന്നണിക്കായി വെങ്ങാനൂർ ഡിവിഷനിൽ നിന്ന് അരുൺ യു.എസ്, പെരിങ്ങമ്മല ഡിവിഷനിൽ നിന്ന് അമൃത ആർ. പ്രസാദ് എന്നിവർ വിജയം നേടി.