കാഞ്ഞിരംകുളത്ത് മുൻ എംഎൽഎ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമക്ക് നേരെ ആക്രമണം
12.12.2025
പൂവാർ :കാഞ്ഞിരംകുളം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന മുൻ എംഎൽഎ കുഞ്ഞുകൃഷ്ണനാടാരുടെ പൂർണ്ണകായ പ്രതിമക്ക് നേരെ ആക്രമണം.6 അടി പൊക്കമുള്ള പ്ലാറ്റ്ഫോമിന് മുകളിൽ സ്ഥാപിച്ച
പ്രതിമയ്ക്ക് 12 അടി ഉയരമുണ്ട്. ആകെയുള്ള 18 അടി പൊക്കത്തിൽ കയറിയാണ് പ്രതിമയുടെ മുഖത്തെ കണ്ണട തകർക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തത്. ആറ്റിങ്ങൽ കരവാരം സ്വദേശിയും പഴയകടയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃത്യം ചെയ്തത്. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ കാഞ്ഞിരംകുളം പോലീസും, പൂവാർ ഫയർഫോഴ്സും ചേർന്നാണ് ഇയാളെ താഴേക്ക് ഇറക്കിയത്. കറുത്ത പ്രതിമയായതിനാൽ വെളുത്ത പെയിൻറ് അടിക്കാനാണ് കയറിയതെന്ന് അയാൾ പോലീസിനോട് പറഞ്ഞത്. അയാളെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.ദേശസ്നേഹി കുഞ്ഞു കൃഷ്ണൻ നാടാരുടെ പ്രതിമയ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്നും പ്രതിമയെ വികൃതമാക്കാനുള്ള ശ്രമം അപലപനീയമെന്നും അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
ചെറുമകൻ വിവേക് പറഞ്ഞു. കരുംകുളം രാധാകൃഷ്ണൻ, തൈക്കാട് ചന്ദ്രൻ,നിക്കോളാസ് മൊറായിസ്, കാഞ്ഞിരംകുളം സുദർശനൻ,ഗോപി സിംഗ് തുടങ്ങിയവരും പ്രതിമ സന്ദർശിച്ചു.