ഹാർബർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലത്തിന് മധുര പ്രതികാരത്തിൻ്റെ മാധുര്യവും - ആദ്യ വിജയത്തിൻ്റെ ആവേശത്തിൽ സിപിഎമ്മും
14.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം: വാർഡ് രൂപീകരണത്തിന് ശേഷം ബാലികേറാമലയായിരുന്ന നഗരസഭയുടെ ഹാർബർ വാർഡിലെ വിജയം സി പി എമ്മിന് ആവേശം പകരുമ്പോൾ 10 വർഷം മുമ്പ് അമ്മയെ പരാജയപ്പെടുത്തിയ കൗൺസിലറെ തോല്പിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് വാർഡിൽ വിജയിയായ അഫ്സ സജീന എന്ന യുവ കൗൺസിലർ.
2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാർബർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിസാബീവിയോട് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഫ്സയുടെ മാതാവ് സജീനയായിരുന്നു. അന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ വെറും 14 വോട്ടിനായിരുന്നു സജീന പരാജയം രുചിച്ചത്.ഇത്തവണ അതേ വാർഡിൽ ഇടത് സ്ഥാനാർത്ഥിയായി എത്തിയ സജീനയെ നേരിടാൻ യുഡിഎഫ് നിയോഗിച്ചത് നിസാബീവിയെ ആയിരുന്നു. ഇതോടെ ഹാർബർ വാർഡിലെ മത്സരം ശ്രദ്ധയാകർഷിച്ചു. എൽ.ഡി.എഫും യുഡിഎഫും എൻ.ഡി.എയും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയും ശക്തമായ മത്സരം കാഴ്ചവെച്ച തെരഞ്ഞെടുപ്പിൽ സജീനയുടെ മകളും ഇടത് സ്ഥാനാർത്ഥിയുമായ അഫ്‌സ യു.ഡി. എഫ് സ്ഥാനാർത്ഥി നിസാബീവിയെ 640 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വാർഡിൽ എൽ.ഡി.എഫി ന് ലഭിച്ച ആദ്യ ജയം അഫ്സയുടെ വിജയത്തിന് തിളക്കമേറ്റി. 2015 ൽ വെറും 14 വോട്ടിന് മാതാവിനെ അടിയറവ് പറയിച്ച സ്ഥാനാർത്ഥിയെ വലിയ മാർജിനിൽ തന്നെ തോല്പിക്കാനായത് അഫ്സയുടെ മധുര പ്രതികാരത്തിൻ്റെ
മാധുര്യവും വർദ്ധിപ്പിച്ചു. ആദ്യ രണ്ട് തവണ യുഡിഎ ഫ് ജയിച്ച വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച ശേഷം പാർട്ടിയിൽ നിന്ന് രാജിവെച്ച കൗൺസിലറെ ഇത്തവണ കൂടെ കൂട്ടിയാണ് യു.ഡി. എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഫലമുണ്ടായില്ല.കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ലതാ സുഗതന്റെ വരവ് യുഡിഎഫിന് തിരിച്ചടിയായി.എൽ.ഡി.എഫ് സ്ഥാനാർത്ഥി അഫ്‌സ സജീന 1828 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ നിസാബീവിക്ക് ലഭിച്ചത് 1188 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാർത്ഥി ലതാസുഗതന് 754 ഉം എൻ.ഡി.എ സ്ഥാനാർത്ഥി അനിതാ അജീഷിന് 444 വോട്ടുകളും ലഭിച്ചു.