കളമശ്ശേരി സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
29-10-2023
കൊച്ചി: കളമശ്ശേരിയില്‍ കൺവെൻഷൻ സെന്ററിൽ
സ്ഫോടനം നടത്തിയത് താനാണെന്ന് അറിയിച്ച്കീഴടങ്ങിയ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പൊലീസിന് ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഐഇഡി സ്ഫോടനം പഠിച്ചതെന്ന് വെളിപ്പെടുത്തിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാൾ തന്നെ പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ഇയാളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇത് പൊലീസിന് കൈമാറി. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്സിലാക്കി വെക്കുന്നതിന്‍റെയും അവിടെവെച്ച് അല്‍പം മാറി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.
ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് നോക്കിയാണ് സ്ഫോടക വസ്തു ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് മൊഴി. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണെന്നും വിശദമായ അന്വേഷണമാണ് നടത്തി വരുന്നതെന്നും പാെലീസ് അറിയിച്ചു