വിവിധ വിഭാഗങ്ങളുമായി സംവദിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ
02.04.2024
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂട് പിടിക്കുന്നതിനിടെയും വിവിധ തലങ്ങളിലുള്ളവരുമായി സംവാദത്തിനും ചർച്ചയ്ക്കും സമയം കണ്ടെത്തി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺൻ്റെ നന്ദൻകോടുള്ള വസതിയിൽ എത്തി ഒരു വിദ്യാർത്ഥിയുടെ കണ്ണിലൂടെ തരൂർ - എന്നെ സംവാദത്തിൽ തരൂർ പങ്കെടുത്താണ് തുടങ്ങിയത്. ഒരു മണിക്കൂറിൽ ഏറെ വിദ്യാർത്ഥികളുമായി സംവദിച്ചു.
തുടർന്ന് മലയാള സാഹിത്യത്തിന് വേറിട്ട മുഖം നൽകിയ -റാം കെയർ ഓഫ് ആനന്ദി - എന്ന പുസ്തകം 2 ലക്ഷം കോപ്പികൾ വിറ്റഴിച്ചതിന്റെ ആഘോഷങ്ങളിൽ ഡോ.തരൂർ പങ്കുചേർന്നു. കിൻഫ്രയിൽ നടന്ന പരിപാടിയിൽ വായന ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം എഴുത്തുകാരനായ അഖിൽ പി ധർമ്മജനൊപ്പം അവിടെ എത്തിച്ചേർന്നിരുന്നു. ഒരു എഴുത്തുകാരൻ എന്ന രീതിയിൽ അഭിമാനിക്കേണ്ട നേട്ടമാണ് അഖിൽ പി ധർമ്മജൻ എന്ന ചെറുപ്പക്കാരൻ കരസ്ഥമാക്കിയിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന സംവാദത്തിലും അദ്ദേഹം പങ്കെടുത്തു. പൗരത്വ ഭേദഗതി അടക്കമുള്ള കാര്യങ്ങൾ അടക്കം ആശങ്ക ഉണ്ടാക്കുന്ന മാറി വരുന്ന ഇന്ത്യൻ സാഹചര്യങ്ങളുടെ ആശങ്കകൾ സദസ്സ് തരൂരുമായി പങ്കുവച്ചു. രാജ്യത്തിൻറെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അതിൽ തങ്ങളുടെ വോട്ടവകാശം വളരെ ശ്രദ്ധാപൂർവ്വം വിനിയോഗിക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു. മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് നാസർ, വഴുതക്കാട് ഇമാം ഷാഫി , ഇ എം നജീബ് ,ഹാഫിസ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു.
തുടർന്ന് ലോ അക്കാഡമിയിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി പേരൂർക്കടയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. വിദ്യാർഥികളെ തരൂർ അഭിസംബോധന ചെയ്തു .
വൈകുന്നേരം കഴക്കൂട്ടത്തെ ടെക്നോപാർക്കിൽ സംഘടിപ്പിച്ച -ടെക് ടോക് -എന്ന പരിപാടിയിൽ പങ്കെടുക്കുകയും അവിടെയുള്ള ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു . ടെക്നോപാർക്കിന് വേണ്ടി തനിക്ക് ചെയ്യാൻ കഴിഞ്ഞ സംഭാവനകൾ എടുത്തു പറഞ്ഞ അദ്ദേഹം ടെക്നോപാർക്കിന്റെ ഭാവി വികസനമാണ് തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റി മറിക്കുന്ന വികസനമായി മാറാൻ പോകുന്നതെന്നും ടെക്നോപാർക്കിനെ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായി മാറ്റിയെടുക്കാൻ തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നും തരൂർ പറഞ്ഞു.