മത വർഗീയതയാണ് ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി - എം എൻ.കാരശ്ശേരി
15.11.2025
അയൂബ് ഖാൻ
തിരുവനന്തപുരം: മത വർഗീയതയാണ് ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എം. എൻ.കാരശ്ശേരി. ജനാധിപത്യം നിലനിൽക്കണമെങ്കിൽ മതനിരപേക്ഷത അനിവാര്യമാണെന്ന് നെഹ്രു ഉറച്ച് വിശ്വസിച്ചിരുന്നു. മതത്തെ അകറ്റി നിറുത്തിയ നെഹ്രു ആധുനികതയെ ചേർത്തു പിടിച്ചയാളാണ്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് നെഹ്രുവിന്റെ ഇടപെടൽ മൂലമാണെന്നും കാരശ്ശേരി പറഞ്ഞു. കെ.പി.സി.സി. വിചാർ വിഭാഗ് സംഘടിപ്പിച്ച പരിപാടിയിൽ നെഹ്രുവും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയത് നെഹ്രുവായിരുന്നില്ല.ആ തീരുമാനത്തിന് ചുക്കാൻ പിടിച്ചത് കാമരാജ് ആയിരുന്നു. നെഹ്രുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ഗാന്ധിജിയല്ല. പട്ടേലോ നെഹ്രുവോ പ്രധാനമന്ത്രിയെന്ന തർക്കം ഗാന്ധിജിക്ക് മുന്നിൽ എത്തിയിരുന്നില്ല. സ്വാതന്ത്ര്യത്തിനും വളരെ മുൻപാണ് തന്റെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ ഗാന്ധിജി പ്രഖ്യാപിക്കുന്നത്. പട്ടേലിന് സർദാർ എന്ന് പേര് നൽകിയതും ഗാന്ധിജിയാണ്.നെഹ്രുവിനെ വിമർശിച്ച് കാർട്ടൂൺ വരച്ച ശങ്കറിനോട് അദ്ദേഹം പറഞ്ഞത് ശങ്കർ എന്നെ വിട്ടുകളയരുത് എന്നാണ് നെഹ്രു പറഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ജില്ലാ ചെയർമാൻ വിനോദ് സെൻ അധ്യക്ഷത വഹിച്ചു.
ചെമ്പഴന്തി അനിൽ,ശ്രീകണ്ഠൻ നായർ, അഡ്വ. അനസ്, കൊട്ടാത്തല മോഹനൻ, ടി ആർ.സദാശിവൻ നായർ, പി. എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.