വിഴിഞ്ഞത്ത് ബാങ്കിന് ബോംബ് ഭീഷണി - ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
17.11.2025
അയൂബ് ഖാൻ
തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന ശാഖയിൽ ബോംബ് ഭീഷണി.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11 മണിയോടെ മാനേജരുടെ ഇ- മെയിലിലാണ് ബാങ്കിൽ
ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഉടൻ തന്നെ ബാങ്ക് അധികൃതർ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും ഡോഗു സ്ക്വാഡും എത്തി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം മുഴുവനും അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഗഞ്ചാബുദ്‌ധ അറ്റ് അണ്ടർ വേൾഡ് ഡോട്ട് ഡോഗ് എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. ഉറവിടം ഇന്ത്യയിൽ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. ചിലരുടെ പേരുകൾ രേഖപ്പെടുത്തി
ഇവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നുള്ള ആവശ്യവും മെയിലിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള സന്ദേശം ബാങ്കിൽ വരാനുള്ള കാരണം വ്യക്തമല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലുകൾ എത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ എം.എസ്.സിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ബാങ്കും പ്രവർത്തിക്കുന്നത്. വ്യാജ സന്ദേശത്തിൻ്റെ ഉറവിടത്തെക്കുറിച്ചും ഉദ്ദേശ - ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം സൈബർ സെൽ അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു.