സീറ്റിൻ്റെ കാര്യത്തിൽ സിപിഎമ്മും -സിപിഐയും തമ്മിൽ തർക്കം -സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.
18.11.2025്
അയൂബ് ഖാൻ
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ ബാക്കി നിൽക്കെ കരുംകുളം പഞ്ചായത്തിൽ സീറ്റ് വീതംവച്ചതിൽ സിപിഎമ്മും -സിപിഐയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. നിലവിലെ സിപി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആനന്ദനാണ് എൽഡിഎഫിനെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. പഞ്ചായത്തിലെ എസ് സി സംവരണ വാർഡായ കരുംകുളം വർഡിലെ
സിപിഎം സ്ഥാനാർത്ഥി ആർ.എസ് ദിവാകരനെതിരെ ആനന്ദൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കാൻ രംഗത്തിറങ്ങുകയും ചെയ്തു. പഞ്ചായത്തിൽ ആകെയുള്ള 19 വാർഡുകളിൽ തീരദേശത്തെ വിജയ സാധ്യത ഇല്ലാത്ത ഒരു വാർഡ് മാത്രമാണ് കാലങ്ങളായി സിപിഐ ക്ക് നൽകുന്നത്. ഇത്തവണ ജയ സാദ്ധ്യതയുള്ള ഒരു വാർഡ് നൽകണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സീറ്റ് വീതം വെക്കാനുള്ള എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാതെ നേരത്തെ നൽകിയ സീറ്റുതന്നെ വീണ്ടും
സി.പി.ഐക്ക് നൽകുകയും ആ വാർഡിലെ സ്ഥാനാർത്ഥിയെ സിപിഎം തന്നെ തീരുമാനിക്കുകയും ചെയ്തു എന്നാണ് ആനന്ദൻ ആരോപിക്കുന്നത്. ഇതോടെയാണ് ആനന്ദനനും ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെടെയുള്ള 10-ഓളം പേർ സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. നേരത്തെ വനിതാ സംവരണമായിരുന്ന
പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഇത്തവണ ജനറൽ ആയതോടെ
സിപി എമ്മിലെ മുൻനിര നേതാക്കൾ മത്സര രംഗത്തെത്തിയതാണ് സീറ്റ് വിഭജനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്.സീറ്റുകൾ പരസ്പരം കൈമാറുന്ന വിഷയം ഏര്യാകമ്മിറ്റിയും എൽഡിഎഫ് ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്തെങ്കിലും തീരുമാനം സി പി എമ്മിന് അനുകൂലമായതിനെ തുടർന്നാണ് പലരും കൂട് മാറിയതെന്നാണ് ആക്ഷേപം