പഴകിയ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നാൽപതോളം പേർ ചികിത്സ തേടി
29.10.2025
വിഴിഞ്ഞം : ചന്തയിൽ നിന്നും പഴകിയ മത്സ്യം വാങ്ങി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. നാൽപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഛർദ്ദിയും,വയറിളക്കം, മൂത്രതടസ്സം വയർഎരിച്ചിൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആളുകൾ ചികിത്സതേടിയത്. കാഞ്ഞിരംകുളം സ്വദേശികളായ അഞ്ജന (25), സുജിത് (29), വൽസല (50),ഷെറിൻ (40), മനു (26), മനുജ (29), മോഹനചന്ദ്രൻ (62), ഷീല (52), ക്രിസ്തുദാസ് ( 65), സരളജാസ്മിൻ (52),തുളസി (66) അടിമലത്തുറ സ്വദേശികളായ അബ്രോസ് (71),ഷൈല പ്രവീൺ (32), മേരി സിൽവയ്യൻ (62), മെർളിൻ (26), മെറീന(32), പുത്തൻ കട സ്വദേശികളായ ത്രേസി (68), ലഷ്മണൻ (78) കൊച്ചുതുറ സ്വദേശി സജീല(36), പുല്ലുവിള സ്വദേശി ജയ (42) തുടങ്ങി 40 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പുതിയതുറ, പള്ളം മത്സ്യമാർക്കറ്റുകളിൽ നിന്നും ചെറുകിട കച്ചവടക്കാർ വാങ്ങി കൊണ്ടുവന്ന ചെമ്പല്ലി എന്ന മത്സ്യത്തിൻ്റ തലയും മുള്ളും മാത്രമുള്ള ഭാഗം കാഞ്ഞിരംകുളം, പുത്തൻകട,പഴയ കട ഊരമ്പ് ചന്തകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇതു വാങ്ങി കറിവെച്ച് ഭക്ഷിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് കരുതുന്നത്.
ഉച്ചയോടെയാണ് മീൻകറി ഭക്ഷിച്ചെങ്കിലും വൈകിട്ട് 4 മണിയോടെയാണ് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി ആളുകൾ
പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിയത്. കൂടുതൽ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ ദിവസവും ഇന്നലെയുമായി 27 പേർ ചികിത്സ തേടി. ചിലർ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ടെന്നും ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. കരുംകുളം പഞ്ചായത്തിൽ തീരദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പള്ളം മത്സ്യമാർക്കറ്റിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും മാസങ്ങൾ പഴക്ക ചെന്ന മത്സ്യമാണ് എത്തുന്നതെന്ന പരാതി നേരത്തെയുണ്ട്.മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുകൾ ഉപയോഗിക്കുന്നുണ്ട്.ചന്ത അടച്ചുപൂട്ടാൻ മുമ്പ് ഹൈകോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കിയതായി പഞ്ചായത്തും പോലീസും ചേർന്ന് കോടതിയെ അറിയിക്കുകയും ചെയ്തെങ്കിലും മാർക്കറ്റ് ഇപ്പേഴും പ്രവർത്തിച്ച് വരുന്നുണ്ട്.