കോവളത്ത് കോക് ടെയിൽ മത്സരം സംഘടിപ്പിച്ചു - ലീലാ റാവിസ് ചാമ്പ്യൻമാരായി
13.05.2024
തിരുവനന്തപുരം: ലോക കോക് ടെയിൽ ദിനത്തോടനുബന്ധിച്ച് കോവളം ഉദയ സമുദ്രാ ബീച്ച് ഹോട്ടലിൽ കോക്ടെയിൽ മത്സരം സംഘടിപ്പിച്ചു. ഇന്നലെ നടന്ന കോക്‌ടെയിൽ ലൈവ് കോണ്ടസ്റ്റിൽ കേരളത്തിലെ പ്രമുഖ ഹോട്ടലുകളിലെ 50 ഓളം ജീവനക്കാർ പങ്കെടുത്തു. ഒരു ബാർടെൻഡർ എന്ന നിലയിൽ തങ്ങളുടെ കഴിവുകളും പാനീയങ്ങൾ കലർത്തുന്നതിലെ ക്രിയാത്മകവും ദൃശ്യപരവുമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച് നടന്ന മത്സരത്തിൽ ചാമ്പ്യനായ കോവളം ലീലാ റാവിസിലെ എസ്.കെ.മുസാലിം 25000 രൂപയുടെ ഒന്നാം സമ്മാനവും ഗിഫ്റ്റ് ഹാമ്പേഴ്‌സും നേടി. ഹിൽട്ടൺ ഗാർഡൻ ഇന്നിലെ ജെ. ജയകാർത്തിക് രണ്ടാം സ്ഥാനവും ഹയാത്ത് റീജൻസിയിലെ രഞ്ചിത്ത് മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത അമിഗോസിലെ എസ്.സുബിൻ, ഹെെസിന്തിലെ ശിൽപ്പ,കെ.കെ.എം ഇന്റർ നാഷണലിലെ ലാൽകൃഷ്ണ, തിരുവനന്തപുരം രാജധാനിയിലെ സിജോ സെബാസ്റ്റിയൻ എന്നിവരും സമ്മാനങ്ങൾക്കർഹരായി. ജോയി, മാത്യു താന്നി മൂട്ടിൽ,കാർത്തിക് , യു.ഡി.എസ് സി.ഇ.ഒ.രാജഗോപാൽ അയ്യർ, എക്ലിക്യൂട്ടീവ് ഡയറക്ടർ വിഘ്നേഷ്നായർ,ഗോപീകൃഷ്ണൻ,ഗുരുപ്രസാദ്,സതീശ് തുടങ്ങിയവർ പങ്കെടുത്തു.