മതിയായ ലാബുകൾ ഇല്ല പനടപടി സ്വീകരിക്കാനാകാതെ ഫുഡ് സേഫ്റ്റി വകുപ്പ്
19.02.2026
അയൂബ് ഖാൻ
തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ കേരളം നമ്പർ വണ്ണാണെന്ന് പറയുമ്പോഴും ആരോഗ്യത്തിന് ഹാനികരവും വിഷമയവുമായ ഭക്ഷ്യ വസ്തുക്കളുടെ പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് കേരളത്തിലെ ഫുഡ് സേഫ്റ്റി വകുപ്പ്. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നാല് ജില്ലകളിൽ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരത്തെ ഒറ്റ
ലാബാണുള്ളത് . കൂടുതൽ വ്യക്തതയുള്ള പരിശോധന ആവശ്യമുള്ളപ്പോൾ എറണാകുളത്തെ ലാബിനെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലത്തിലും ഒരു ഫുഡ് സേഫ്റ്റി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഓരോ ഓഫീസും മാസം തോറും നിശ്ചിത കണക്കിൽ മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കുന്നുമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇവയെല്ലാം പരിശോധിക്കുന്നത് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുഡ് സേഫ്റ്റി വകുപ്പിൻ്റെ ലാബിലാണ്. സാമ്പിളുകളുടെ എണ്ണക്കൂടുതൽ കാരണം ഫലം സമയത്തിന് ലഭിക്കില്ലെന്നതാണ് തിരിച്ചടി. നിലവിൽ പതിനാല് ദിവസത്തിനുള്ളിൽ പരിശോധന ഫലം കിട്ടണമെന്നാണ് വ്യവസ്ഥയെങ്കിലും സംവിധാനങ്ങളുടെ അപര്യാപ്തകാരണം ഇതൊന്നും കൃത്യമായി നടക്കാറില്ല. ഏറ്റവും അടിയന്തിരഘട്ടങ്ങളിലുളളവയുടെ റിസൾട്ട് വേഗത്തിലാക്കുമ്പോൾ മറ്റ് പലതിൻ്റെയും ഫലം ലഭിക്കാൻ മാസങ്ങളെടുക്കുന്നതായി ബന്ധപ്പെട്ടവർ തന്നെ പറയുന്നു. ഇത് കാരണം തുടർ നടപടികൾ സ്വീകരിക്കാൻ അധികൃതർക്കും കഴിയാറില്ല.ഇതു മുതലെടുത്താണ് നിയമലംഘകർ രക്ഷപ്പെടുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങളുടെ വിപണനം പൊടിപൊടിക്കുന്നതും. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ദിനം പ്രതി നൂറ് കണക്കിന് ടൺ പച്ചക്കറികളും മത്സ്യങ്ങളും പഴവർഗ്ഗങ്ങളും ഉൾപ്പെടെയുളളവ അതിർത്തി കടന്ന് കേരളത്തിലേക്ക് വരുന്നുണ്ട്. ഇവയിൽ ഉപയോഗ യോഗ്യമല്ലാത്തവയും
ആരോഗ്യത്തിന് ഏറെ ഹാനികരമാകുന്നതുമായ വസ്തുക്കൾ ഉണ്ടെന്ന് പറയപ്പെടുമ്പോഴും പരിശോധന നടത്തി ഇവയുടെ വിപണനം തടയാൻ അധികൃതർക്കാവുന്നില്ല.ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് മരണങ്ങൾ ഉണ്ടാകുമ്പോഴും വിവാദങ്ങൾ ഉയരുമ്പോഴും മാത്രം ഉണരുന്ന അധികൃതർ നടത്തുന്ന പ്രഖ്യാപനങ്ങൾ പാഴ് വാക്കാണെന്നാണ് ലാബ് സംവിധാന ങ്ങളിലെ അപര്യാപ്തത തെളിയിക്കുന്നത്.ഫലം ലഭിക്കാൻ വെെകുകയും വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്യുന്നതോടെ വീണ്ടും എല്ലാം പഴയപടിയാകുകയാണ് പതിവ്. ന്യൂജൻ ജനറേഷൻ്റെ കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണത്തിന് പ്രിയം വർദ്ധിച്ചതോടെ തട്ടുകടയുടെ രൂപത്തിലും ഹോട്ടലുകളുടെ രൂപത്തിലും നിരവധി ഭക്ഷണശാലകളാണ് ദിവസവും ഓപ്പണാകുന്നത്. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പരിസരത്തിൻ്റെ വൃത്തിയും ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്താൻ ശാസ്ത്രീയവും ആധുനികവുമായ മതിയായ സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.