തലസ്ഥാന ജില്ല പിടിക്കാൻ -വിസ്മയം -തുറുപ്പ് ചീട്ടാക്കാൻ മുന്നണികൾ - സ്ഥാനാർത്ഥി മോഹികൾക്ക് ആശങ്ക
19.02.2026
അയൂബ് ഖാൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് കാഹളം മുഴക്കിയുള്ള രാഷ്ട്രീയ നേതാക്കളുടെ യാത്രകൾ പൊടിപൊടിക്കുകയും വിസ്മയം എന്ന ഓമനപ്പേരിൽ ഭെെമീ കാമുകരുടെ ചേരിമാറ്റം സജീവമായി തുടരുകയും ചെയ്യുന്നതിനിടെ തലസ്ഥാന ജില്ലയിൽ സ്ഥാനാർത്ഥി മോഹികളും കട്ട വെയിറ്റിംഗിലാണ്. മുന്നണികളുടെ യാത്രകൾ അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാർഥി പട്ടികയും പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളും സജീവമാണ്.
തലസ്ഥാന ജില്ലയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിച്ച ചുവപ്പു തരംഗവും കണ്ണഞ്ചിപ്പിച്ച വിജയവും മൂന്നാംവട്ടവും നേടിയെടുക്കാനുള്ള തന്ത്രങ്ങളുമായാണ് ഇടതുമുന്നണി കളത്തിലിറങ്ങുന്നത്. ഇതിനായി രണ്ട് വട്ടം മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന പാർട്ടിയുടെ മുൻ തീരുമാനം മരവിപ്പിച്ച് സിറ്റിംഗ് എം.എൽ എമാരെ വീണ്ടും മത്സരിപ്പിച്ച് വിജയം കൈപ്പിടിയിലാക്കാനുള്ള ആലോ ചനയിലാണ് എൽ. ഡി.എഫ്.ഇത് വഴി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി മറികടക്കാനാണ് ശ്രമം.
സർക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണെന്ന സന്ദേശം നൽകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ശബരിമല സ്വർണ്ണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ ഇടതിന് തിരിച്ചടിയാവുമെന്നും ഈ സാഹചര്യം മുതലെടുത്ത് മികച്ച വിജയം നേടാനാവുമെന്നാണ് പ്രതീക്ഷ. അതിനായി പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും കളത്തിലിറക്കിയുള്ള പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തലസ്ഥാന നഗരിയുടെ
ഭരണം പിടിച്ചെടുത്ത കരുത്തിൽ ജില്ലയിൽ ഒന്നിൽ കൂടുതൽ നിയമസഭാ സീറ്റുകളിൽ വിജയിക്കാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയും കളത്തിലിറങ്ങുന്നത്.
തലസ്ഥാന ജില്ല പിടിക്കാൻ മൂന്ന് മുന്നണികളും അപ്രതീക്ഷിത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയേക്കുമെന്ന സൂചനയുമുണ്ട്. തിരുവനന്തപുരത്ത് സിറ്റിംഗ് എം.എൽ.എമാർക്കൊപ്പം മുതിർന്ന നേതാവായ തോമസ് ഐസക്കിനെയും രംഗത്തിറക്കാനുള്ള ചർച്ചകളും എൽ.ഡി.എഫിൽ സജീവമാണ്.
കോവളത്തെ സിറ്റിംഗ് എം.എൽ.എ എം. വിൻസെൻ്റ് മുതിർന്ന നേതാക്കളായ
കെ. മുരളീധരൻ , സി.പി ജോൺ തുടങ്ങി പരിചയസമ്പന്നർക്കൊപ്പം യുവാക്കളെയും പുതുമുഖ വനിത കളെയും രംഗത്തിറക്കി ജില്ല പിടിക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫുമായി തെറ്റി നിൽക്കുന്ന പ്രേംകുമാർ അടക്കമുള്ളവരെയും പരിഗണിക്കുന്നുണ്ട്.
ആദ്യമായി തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചതിന് പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ
കഴിഞ്ഞ തവണ നഷ്ടപ്പെട്ട നേമം തിരിച്ച് പിടിക്കുന്നതിനൊപ്പം തലസ്ഥാനത്ത് കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിട്ടുള്ള അണിയറ നീക്കത്തിലാണ് എൻ.ഡി.എ മുന്നണി. ബി. ജെ. പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാക്കളായ വി. മുരളീധരൻ, പി.കെ കൃഷ്ണദാസ് എന്നിവർ തലസ്ഥാനത്ത് മത്സര രംഗത്തുണ്ടാവും. മറ്റ് മുന്നണികളിൽ നിന്ന് ചിലരെ അടർത്തിയെടുത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. സ്ഥാനാർത്ഥി ലിസ്റ്റിൽ വിസ്മയങ്ങളുണ്ടാവും എന്നാണ് മൂന്ന് മുന്നണികളും പറയുന്നത്. വിസ്മയങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സ്ഥാനാർത്ഥി മോഹികൾ.