മത്സ്യത്തൊഴിലാളി കോൺഗ്രസ് പദയാത്ര
18.02.2026
അയൂബ് ഖാൻ
വിഴിഞ്ഞം: കനത്ത നഷ്ടത്തിൽ പ്രവർത്തിച്ചുവരുന്ന മത്സ്യഫെഡിൽ കോടികളുടെ പുതിയ ബാധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിൽ പിൻവാതിൽ നിയമനങ്ങൾ നേടിയവരെ സ്ഥിരപ്പെടുത്താൻ നടത്തുന്ന സർക്കാർ നീക്കം അവസാനിപ്പിക്കുക, ജനവാസ കേന്ദ്രങ്ങളായ തീരമേഖലയിൽ ധാതുമണൽ ഖനനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കുക, യുഡിഎഫ് സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വന്നിരുന്ന ഭവന നിർമ്മാണ പദ്ധതികൾ പുന:സ്ഥാപിക്കുക, വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുക, ലംപ്സം ഗ്രാന്റ്, പെൻഷൻ കുടിശ്ശിക, ഹോസ്റ്റൽ ഫീസ് എന്നിവ വിതരണം ചെയ്യുക, വള്ളം രജിസ്ട്രേഷൻ ഫീസ് വർദ്ധന പിൻവലിക്കുക, മണ്ണെണ്ണ സബ്‌സിഡി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ നിയോജക മണ്ഡലങ്ങളിൽ പദയാത്ര സംഘടിപ്പിച്ചു.ജാഥ ക്യാപ്റ്റനായ ജില്ലാ പ്രസിഡന്റ് പൂന്തുറ ജയ്സൻ നയിക്കുന്ന കുറ്റവിചാരണ പദ യാത്രയുടെ ഭാഗമായുള്ള കോവളം നിയോജകമണ്ഡലത്തിലെ പദയാത്ര സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഡോൾഫ് ജി.മൊറൈസ് ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡണ്ട് പൊഴിയൂർ ജോൺസൺ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.ബ്ലോക്ക് പ്രസിഡന്റ് വിഴിഞ്ഞം അൻസാരി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞത്ത് നിന്ന് ആരംഭിച്ച പദയാത്ര കരുംകുളത്തു സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫ്രീഡ സൈമൺ ഉദ്ഘാടനം ചെയ്തു. ഭാര വാഹികളായ പനത്തുറ പുരുഷോത്തമൻ, ഹെൻറി വിൻസെന്റ്, ബി.സി. മുത്തപ്പൻ, എസ്. ഡെന്നിസ്, അടിമലത്തുറ ഫ്രാൻസിസ്, വിഴിഞ്ഞം സ്റ്റീഫൻ, സെയ്ദു മുഹമ്മദ്, എസ്. സോളമൻ, ഈ. മാർക്കോസ്, ഹുസൈൻ കണ്ണ് തുടങ്ങിയവർ പ്രസംഗിച്ചു.