ശക്തമായ ത്രികോണ മത്സരം നടക്കുന്ന വിഴിഞ്ഞത്ത് വിധിയെഴുത്ത് ഇന്ന് - അടിയൊഴുക്കുകൾ നിർണ്ണായകം
12.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം: തലസ്ഥാന നഗരി ഉറ്റുനോക്കുന്ന നഗരസഭ വിഴിഞ്ഞം വാർഡ് ഇന്ന് വിധിയെഴുതും. മാസങ്ങൾ നീണ്ട പ്രചരണ കോലാഹലവും ശക്തമായ ത്രികോണ മത്സരവും നടന്ന വാർഡ് ആരെ തുണയ്ക്കുമെന്ന് നാളെ അറിയാം. മൂന്ന് മുന്നണികളും വിജയം തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശക്തമായ പ്രചരണവുമായി മത്സര രംഗത്തുള്ള സ്വതന്ത്രർ പിടിക്കുന്ന വോട്ടും അടിയൊഴുക്കുകളും നിർണ്ണായകമാകുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ട് തവണയും വാർഡിൽ വിജയിച്ച ഇടതുമുന്നണി ഇത്തവണയും സീറ്റ് നില നിർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ എതിർപ്പിനെ തുടർന്ന് മുൻ കൗൺസിലർ സ്വതന്ത്രനായി മത്സരിക്കുന്നുണ്ടെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്നും തുടക്കത്തിലുണ്ടായ അസ്വാരസ്യങ്ങൾ നേതൃത്വം ഇടപെട്ട് പരിഹരിച്ചതായും ഒറ്റക്കെട്ടായ ചിട്ടയായ പ്രവർത്തനവും ശെെലജ ടീച്ചർ, സജി ചെറിയാൻ, കെ.ടി. ജലീൽ, തോമസ് ഐസക്ക് തുടങ്ങി
സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ വലിയ നിരതന്നെ
വോട്ടഭ്യർത്ഥിച്ച് വാർഡിലെത്തിയതും ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ യുടെ മേൽനോട്ടത്തിൽ തന്ത്രങ്ങൾ രൂപീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളും വഴി വിജയം ഉറപ്പിക്കാനായിട്ടുണ്ടെന്നുമാണ് സ്ഥാനാർത്ഥിയും നേതൃത്വവും പറയുന്നത്
യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള വാർഡ് ഇത്തവണയെങ്കിലും തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും വിമത സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം കാരണം നഷ്ടപ്പെട്ട വാർഡിൽ ഇത്തവണയും വിമതശല്യമുണ്ട്. സ്ഥാനാർത്ഥിനിർണ്ണയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയാണ് സ്വതന്ത്രനായി മത്സരംഗത്തുള്ളത്. ഇതിനെ മറികടക്കാനുള്ള ശക്തമായ പ്രചരണവും മറുതന്ത്രവുമായാണ് യുഡിഎഫ് സ്ഥാനാർത്ഥിയും മുന്നണിയും പോരാട്ടം നടത്തുന്നത്. കെ. പി. സി. സി വെെസ് പ്രസിഡൻ്റ് കൂടിയായ എം. വിൻസെൻ്റ് എം.എൽ.എ നേരിട്ട് ചുക്കാൻ പിടിക്കുന്ന തെരഞ്ഞെടുപ്പിൽ താരപ്രചാരകരായ ഷാഫി പറമ്പിൽ , കെ. മുരളീധരൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ രംഗത്തിറക്കി നടത്തിയ പ്രചരണം വഴി അണികളിൽ ആവേശം സൃഷ്ടിക്കാനും ജനമനസുകൾ അനുകൂലമാക്കാനുമായെന്നും അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണെന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
ചരിത്രത്തിലാദ്യമായി കേരളത്തിൻ്റെ തലസ്ഥാന നഗരസഭയുടെ ഭരണം പിടിക്കാനായതിൻ്റെ ആവേശവുമായാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വിഴിഞ്ഞത്ത് മത്സരത്തിനിറങ്ങിയത്. ഒറ്റയ്ക്ക് ഭരിക്കാൻ 51 എന്ന മാന്ത്രിക അക്കത്തിലെത്താനുള്ള ഒരു സീറ്റിൻ്റെ കുറവ് വിഴിഞ്ഞം വാർഡിലൂടെ നികത്താനുള്ള
സകല തന്ത്രങ്ങളുമായാണ് എൻ.ഡി .എ നേതാക്കളും സ്ഥാനാർത്ഥിയും കളത്തിലിറങ്ങിയത്.നഗരസഭ ഭരണം ലഭിച്ചതിലൂടെ നേടിയ ഓളവും ആവേശവും വിഴിഞ്ഞത്തും നിലനിർത്താനായെന്ന വിലയിരുത്തലിലാണ് നേതൃത്വം. പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറും നേതാക്കഉയ വി. മുരളീധരനും കൃഷ്ണദാസും പത്മകുമാറും ഷോൺ ജോർജുമടങ്ങുന്ന നേതാക്കൾ വാർഡിലെത്തി നടത്തിയ പ്രചരണം ഗുണം ചെയ്തതായും ക്രൈസ്തവ മുസ്ലിം മേഖലകളിൽ നിന്നും ഇത്തവണ വോട്ട് ലഭിക്കുമെന്നതും അനുകൂല ഘടകമാണെന്നും വിജയം ഉറപ്പാണെന്നുമാണ് സ്ഥാനാർത്ഥിയും നേതൃത്വവും പറയുന്നത്.
13000 ത്തിലേറെ വോട്ടർമാരുള്ള വാർഡിൽ സാമുദായികവും രാഷ്ട്രീയവുമായ അടിയൊഴുക്കുകളാവും നിർണ്ണായകമാകുക എന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം വിമത സ്ഥാനാർത്ഥികൾ നേടുന്ന വോട്ടും ആം ആദ്മി , കേരള കോൺഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടു വിഹിതവും മുന്നണികളിലെ അസംതൃപ്തരുടെ നിലപാടുകളും ഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.