രണ്ട് പരാജയങ്ങൾക്കൊടുവിൽ വിഴിഞ്ഞം തിരികെ പിടിച്ച ആവേശത്തിൽ കോൺഗ്രസ്
14.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം: ഉറച്ച കോട്ടയായിരുന്നിട്ടും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ
പരാജയംരുചിച്ച കോൺഗ്രസിന് ഇരട്ടിമധുരത്തിൻ്റെ ആവേശം പകർന്ന് വിഴിഞ്ഞം നഗരസഭാ ഫലം. പാർട്ടിക്കുള്ളിലെ ഭിന്നതയും വിമതൻ്റെ രംഗപ്രവേശവും മറികടന്നാണ് ഇടതിൻ്റെ സിറ്റിംഗ് സീറ്റ് സുധീർ ഖാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. നഗരസഭ ഭരണത്തിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള 51 എന്ന മാജിക്കൽ നമ്പറിെലത്താൻ വിഴിഞ്ഞം കൂടിയേ തീരൂവെന്ന് കണ്ട് കനത്ത മത്സരം കാഴ്ചവെച്ച ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക്
പിന്തള്ളി നേടിയ വിജയം യുഡിഎഫിനും പ്രവർത്തകർക്കും വലിയ ആവേശമാണ് സമ്മാനിച്ചത്. സിറ്റിംഗ് സീറ്റ് നില നിർത്താൻ ഭരണ നേട്ടങ്ങൾ പറഞ്ഞ് കാടിളക്കിയുള്ള പ്രചരണം നടത്തി ഏറെ ആത്മവിശ്വാസത്തിലായിരുന്ന ഇടതുപക്ഷത്തിന് പരാജയം കനത്ത പ്രഹരമായി. 2025 നവംബർ 10 ലെ വിജ്ഞാപന പ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരസഭയുടെ ചരിത്രം തിരുത്തിക്കുറിച്ച് ആദ്യമായാണ് 50 സീറ്റുമായി ബി.ജെ.പി അധികാരത്തിൽ വന്നത്. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പ് വിഴിഞ്ഞം വാർഡിന്
വി.ഐ.പി പരിവേഷവും നൽക. മൂന്ന് മുന്നണികളും ശക്തമായ മത്സരം കാഴ്ച വെച്ച വാർഡ് ദേശീയ ശ്രദ്ധയും പിടിച്ച് പറ്റി . നിലവിൽ 50 അംഗങ്ങളുളള ബി.ജെ.പിയും 29 അംഗങ്ങൾ ഉള്ള എൽ.ഡി.എഫും 19 പേർ ഉള്ള യു.ഡി.എഫും
വിഴിഞ്ഞത്തെ അങ്കം ജയിക്കുക എന്ന ഒറ്റ ലക്ഷ്യവുമായാണ് പോർക്കളത്തിലിറങ്ങിയത്. മൂന്ന് മുന്നണികളും സംസ്ഥാന തലത്തിലെ താരപ്രചാരകരെ അടക്കം ഇറക്കിയാണ് പ്രചരണം നടത്തിയത്.
വാർഡിലെ മൂന്ന് ബൂത്തുകളിൽ ഓരോന്നിലും ബി.ജെ.പിക്ക് 500 വോട്ടിലേറെ നേടാനായെങ്കിലും തീരദേശ ബൂത്തുകളിൽ അവർക്ക് പിടിച്ച് നിൽക്കാനായില്ല. എൽഡിഎഫിനാകട്ടെ പ്രതീക്ഷിച്ച അത്ര വോട്ടുകൾ ലഭിച്ചതുമില്ല. എല്ലാ ബൂത്തുകളിലും പ്രതീക്ഷിച്ചതിനെക്കാൻ കൂടുതൽ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുകയും ചെയ്തു. അവസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണലിൽ അവസാനം 83 വോട്ടിന് സുധീർ ഖാൻ തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യാേഗിക പ്രഖ്യാപനം ഉണ്ടായതോടെ യു ഡി എഫ് അണികളുടെ ആവേശം അണപൊട്ടി. കട്ടൗട്ടിൽ പാലഭിഷേകം നടത്തി തുടങ്ങിയ ആഘോഷം രാത്രി ഏറെ വൈകും വരെ നീണ്ടു