കോവളം വാർഡിൽ കുടിവെള്ള പ്രശ്നം രൂക്ഷം -പരാതി നൽകിയിട്ടും നടപടി ഇല്ലെന്നും നാട്ടുകാർ
16.01.2026
അയൂബ് ഖാൻ
കോവളം: വെങ്ങാനൂർ പഞ്ചായത്തിലെ കോവളം വാർഡിൽ കെ.എസ്. റോഡിലടക്കം പല സ്ഥലത്തും കുടിവെള്ളം കിട്ടാതായിട്ട് ദിവസങ്ങളായതായി പരാതി. ഇതു സംബന്ധിച്ച് വാട്ടർ അതോരിറ്റിയുടെ എ. ഇ അടക്കമുള്ളവരോട്
നിരവധി പ്രാവശ്യം പരാതി അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം ഷീല അജിത്ത് പറഞ്ഞു. കുടിവെള്ളം ലഭ്യമാക്കാൻ നടപടി ഇല്ലാതായതോടെ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ജല അതോരിറ്റിയുടെ തിരുവല്ലം എ. ഇ യുടെ പരിധിയിൽ വരുന്ന പ്രദേശത്താണ് ജനം കുടിവെള്ളം കിട്ടാതെ വലയുന്നത്. മേഖലയിൽ പല സ്ഥലത്തും അനധികൃതമായി വാൽവുകൾ സ്ഥാപിച്ച് ചിലയിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കുന്നതാണ് മേഖലയിൽ വെള്ളം കിട്ടാത്തതിന് കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജനം ദുരിതത്തിലായിട്ടും പലവട്ടം പരാതിപ്പെട്ടിട്ടും ജലവിതരണം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്ത
അധികൃതരുടെ സമീപനം ആളുകളിൽ അമർഷമുളവാക്കിയിട്ടുണ്ട്. അനധികൃത വാൽവുകൾ ഉണ്ടെങ്കിൽ കണ്ടെത്തി നീക്കം ചെയ്ത് പ്രദേശത്ത് കുടിവെള്ള വിതരണം ഉറപ്പുവരുത്താൻ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണി നിരത്തി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗം മുന്നറിയിപ്പ് നൽകി.