തെരുവ് നായ ആക്രമണ ഭീതിയിൽ വിഴിഞ്ഞമടക്കമുള്ള തീരമേഖല - കഴിഞ്ഞ ദിവസവും കുട്ടികളടക്കം എട്ട് പേർക്ക് കടിയേറ്റു
15.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : തെരുവ് നായ ഭീതിയൊഴിയാതെ വിഴിഞ്ഞമടക്കമുള്ള തീരമേഖല.വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും വീണ്ടും തെരുവുനായ്കളുടെ കടിയേറ്റ് രണ്ട് കുട്ടികളടക്കം 8 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ കല്ലുവെട്ടാൻ കുഴിയിൽ വീടിന് മുന്നിൽ കളിച്ച് കൊണ്ടുനിന്ന ആദിൽ മുഹമ്മദ് (7), അസിയാ (9) എന്നി കുട്ടികൾക്കാണ് ആദ്യം കടിയേറ്റത്. പതിനൊന്ന് മണിയോടെ വിഴിഞ്ഞം ഹാർബർ മേഖലയിൽ ആറുപേരെ മറ്റൊരു തെരുവുനായയും കടിച്ച് പരിക്കേല്പിച്ചു..റോഡിൽ നിന്നും ഓടികയറിയ തെരുവ് നായ് വീടുകളിലും ജോലിസ്ഥലത്തുമൊക്കെ ഓടിക്കയറിയാണ് കടിച്ചത്. പലരുടെയും കൈകളിലും കാലുകളിലും കടിയേറ്റ് വലിയ മുറിവുകളാണ് ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വിഴിഞ്ഞം കോസ്റ്റൽ പോലീസ് വാർഡൻ സുനിറ്റ് (35),ജോലി കഴിഞ്ഞ് മടങ്ങി വന്ന മത്സ്യ തൊഴിലാളി മൈതീൻ പീരുമുഹമ്മദ് (31), തീരത്ത് മത്സ്യബന്ധന ഷെഡിൽ ഉറങ്ങിക്കിടന്ന ഹസനാർ (60), പ്രദേശത്ത് കൂടി നടന്ന് പോവുകയായിരുന്ന ഇൻസമാമുൾഹക്ക് (31), അബുഷഹബാൻ (56), വീടിന് മുന്നിൽ നിന്ന ആഷിക്ക എന്ന 18 കാരിയെയുമാണ് തെരുവ് നായക്കൾ കടിച്ച് പരിക്കേൽപ്പിച്ചത്. വിഴിഞ്ഞം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ഇവരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലേക്ക് മാറ്റി. കോവളം ബീച്ചിലും വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും ഹാർബർ റോഡിലും
മണലി കുളത്തിൻ്റെ കരയിലും തെരുവ് നായ്കളുടെ ശല്യം വർദ്ധിച്ചിട്ടും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അക്രമണകാരികളായ തെരുവ് നായ്കളെ പിടികൂടി മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.ഇന്നലെ അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തോളം നായ്കളെ അധികൃതർ പിടി കൂടി എ.ബി.സി സെൻ്ററിലേക്ക് മാറ്റിയിരുന്നു. ഒരു എൻ.ജീ.ഒ സംഘടനയുടെ മേൽനോട്ടത്തിൽ ഇന്ന് മുതൽ തെരുവുനായകൾക്ക് വാക്സിനേഷൻ നൽകുന്ന നടപടി ആരംഭിക്കുമെന്നും പിടികൂടുന്ന നായ്കളെ വന്ദ്യംകരണം നടത്തി തിരികെ വിടാനല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നുമാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നായകൾ ഭീതി വിതച്ച് സ്വൈരവിഹാരം തുടരുകയാണ്. വന്ദ്യം കരണം കൊണ്ട് വംശ വർദ്ധനവ് കുറയുമെങ്കിലും നായകളുടെ ആക്രമണത്തിന് കുറവില്ലാത്തത്
അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരുവല്ലത്ത് എ.ബി.സി സെൻ്റർ ഉണ്ടെങ്കിലും ഇരുപതോളം നായ്കളെ നിരീക്ഷിക്കാനുള്ള സംവിധാനം മാത്രമാണ് ഇവിടെ ഉള്ളത്. അതുകൊണ്ട് തന്നെ പിടികൂടുന്നവയിലേറെയും വാക്സിനേഷന് ശേഷം തുറന്ന് വിടുകയാണ് ചെയ്യുന്നത്. സ്കൂൾ, കോളേജ്, ആശുപത്രികൾ, ദേശീയപാതകൾ, ജനവാസമുള്ള ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ നിന്ന് നായ്കളെ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ താല്കാലിക വിധിയുണ്ടെങ്കിലും ഇതിലെ അവ്യക്തതയും അധികൃതരെ കുഴക്കുന്നുണ്ട്. കഴിഞ്ഞ മാസം തീരദേശ മേഖലയിൽ നിന്ന് പിടികൂടിയ നായ്കളെ വന്ദ്യംകരണം നടത്തി തിരിച്ച് എത്തിക്കാൻ കൊണ്ടുപോയ നഗരസഭയുടെ വാഹനം നാട്ടുകാർ സംഘടിച്ച് തടഞ്ഞതിനെ തുടർന്ന് ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്ത് തുറന്ന് വിട്ട് താല്കാലിക പരിഹാരം കാണുകയായിരുന്നു . മേഖലയിൽ തമ്പടിച്ച് കിടക്കുന്ന നായ്ക്കൾ വളർത്ത് മൃഗങ്ങളെയും കോഴി അടക്കമുള്ള വളർത്ത് പക്ഷികളെയും ആക്രമിക്കുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു.