സുധീർ ഖാനിലൂടെ വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് - ഇടതിന് നഷ്ടമായത് സിറ്റിംഗ് സീറ്റ്
13.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്ന കേരളത്തിൽ രാജ്യം
ഉറ്റു നോക്കിയ തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം വാർഡ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ കോൺഗ്രസിലെ കെ.എച്ച് സുധീർ ഖാൻ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ എൻ. നൗഷാദിനെ 83 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിനായി ജയം സ്വന്തമാക്കിയത്. ആകെയുള്ള 13305 വോട്ടുകളിൽ 8912 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. ഇതിൽ 2902 വോട്ടുകൾ സുധീർ ഖാന് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി നൗഷാദിന് 2819 ഉം ബി.ജെ.പിയിലെ സർവ്വശക്തി പുരം ബിനുവിന് 2437 വോട്ടുകളും ലഭിച്ചു. വരണാധികാരിയായ തിരുവനന്തപുരം സബ് കളക്ടർ വിൽഫ്രഡ് ഒ.എസ് , സഹ വരണാധികാരികളായ പ്രതാപചന്ദ്രൻ, വിനോദ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ കൗണ്ടിംഗ് സ്‌റ്റേഷനായ വെങ്ങാനൂർ വി.പി. എസ് മലങ്കര ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പിന്നെയുള്ള ഒരു മണിക്കൂർ ലീഡ് നില മാറിമറിഞ്ഞതോടെ
സ്ഥാനാർത്ഥികളും പ്രവർത്തകരും മുൽമുനയിലായി.
ആകാംക്ഷയുടെ നിമിഷങ്ങൾക്കിടയിൽ ആകെയുള്ള പത്ത് ബൂത്തുകളിൽ ഒന്ന് മുതൽ നാല് വരെ ബൂത്തുകളിൽ കോൺഗ്രസിന്
ലീഡ് നിലനിർത്താനായെങ്കിലും അഞ്ച് മുതൽ ഒൻപത് വരെയുള്ള ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സി.പി.എം സ്ഥാനാർത്ഥി 122 വോട്ടുകൾക്ക് മുന്നിലായി. ഇതോടെ പത്താമത്തെ ബൂത്തായ വിഴിഞ്ഞം എണ്ണിത്തുടങ്ങിയതോടെ കൗണ്ടിംഗ്സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥികളുടെയും അണികളുടെയും ചങ്കിടിപ്പ് വർദ്ധിച്ചു. ഈ ബൂത്തിൽ കോൺഗ്രസിന് 478 വോട്ടുകൾ ലഭിച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചു. ഇവിടെ ഇടതുപക്ഷത്തിന് 223 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 10 ൽ മൂന്ന് ബൂത്തുകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച ബി.ജെ.പിയും ഇരു മുന്നണികളെയും ഞെട്ടിച്ചു. കോൺഗ്രസിനെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഹിസാൻ ഹുസൈൻ 494 വോട്ടുകൾ നേടിയപ്പോൾ സി.പി.എമ്മിനെതിരെ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുൻ നഗരസഭാ കൗൺസിലർ കൂടിയായ എൻ. എ റഷീദ് 118 വോട്ടു കൊണ്ട് തൃപ്തിപ്പെട്ടു. കേരള കോൺഗ്രസിലെ വിജയമൂർത്തിക്ക് 65 ഉം , എസ്.ഡി.പി.ഐയിലെ മാഹീന് 33 ഉം , എ.എ.പി.യിലെ സമീൻ സത്യ ദാസിന് 31ഉം , മറ്റൊരു സ്വതന്ത്രന് 13 ഉം വോട്ടുകളാണ് ലഭിച്ചത്. വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേർത്ത ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യവട്ടം കോൺഗ്രസ് ജയിച്ച വാർഡിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫാണ് ജയിച്ചിരുന്നത്. സിറ്റിംഗ് സീറ്റ് നില നിർത്താനാകുമെന്ന് കരുതിയ എൽ.ഡി.എഫിനെ അട്ടിമറിച്ചാണ് ഇത്തവണ യുഡിഎഫ് വാർഡ് തിരിച്ച് പിടിച്ചത്.