കുറഞ്ഞ പോളിംഗ് ശതമാനത്തിൽ വിഴിഞ്ഞം വിധിയെഴുതി -ഫലത്തിനായി കാതോർത്ത് മുന്നണികൾ
12.12.2025
അയൂബ് ഖാൻ
തിരുവനന്തപുരം : കേരളം ഉറ്റുനോക്കിയ നഗരസഭയുടെ വിഴിഞ്ഞം വാർഡ് ഇന്നലെ വിധിയെഴുതി.ജാതി, മത സമവാക്യങ്ങളും അടിയൊഴുക്കുകളും ആരെ തുണയ്ക്കുമെന്ന ആശങ്കയ്ക്കിടെ വോട്ടിംഗ് ശതമാനത്തിലുണ്ടായ കുറവും മുന്നണികളെ കുഴച്ചു. പോളിംഗ് അവസാനിച്ച ശേഷം കൂട്ടലും കിഴിക്കലുമായി പ്രവർത്തകർ തല പുകച്ചെങ്കിലും വാർഡിനെ ആര് നയിക്കുമെന്ന് ഇന്ന് രാവിലെയേ അറിയാനകൂ എന്ന അവസ്ഥയാണുള്ളത്.ഏറ്റവും കൂടുതൽ വോട്ടർമാരുള്ള തീരദേശ മേഖലയിൽ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞതാണ് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടിയത്. മാസങ്ങൾ നീണ്ട പ്രചരണ കോലാഹലത്തിന് ശേഷം. പൊതുവെ സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ 69. 78 ശതമാനം പോളിംങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 13305 വോട്ടർമാരിൽ 8912 പേരാണ് വോട്ടവകാശം വിനിയോഗിച്ചത് . 2025 നവംബർ പത്തിന് ആരംഭിച്ച തെരഞ്ഞെടുപ്പ് മാമാങ്കത്തിൽ കാടിളക്കി നടത്തിയ പ്രചരണം വോട്ടർമാരിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നാണ് പോളിംഗ് ശതമാനത്തിലെ കുറവ് ചൂണ്ടിക്കാട്ടുന്നത് . ആകെയുള്ള പത്ത് ബൂത്തുകളിൽ വെങ്ങാനൂർ വി.പി.എസ്.മലങ്കര സ്കൂളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 73.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ തൊട്ടടുത്ത ബൂത്തായ മുടിപ്പുരനട ഗവ: എൽ.പി സ്കൂളിൽ 71.85 ശതമാനം രേഖപ്പെടുത്തി. 3-ാം നമ്പർ ബൂത്തായ വിഴിഞ്ഞം ഗവ: എൽ.പി.എസ് ഈസ്റ്റ് 56.9 ശതമാനവുമായി ഏറ്റവും പിന്നിലായി. കോർപ്പറേഷൻ സോണൽ ഓഫീസ് ബൂത്തിൽ 63 .41 ശതമാനവും, ശിശു മന്ദിരം ബൂത്തിൽ 59.4, ഗവ: എൽ.പി.എസ് വെസ്റ്റ് ബ്ളോക്ക് 64.5, തെരുവ് ഗവ:എസ്. വി എൽ.പി.എസ് 67.18, ഫിഷറീസ് സ്റ്റേഷൻ 70.2, സി.വി സ്മാരക ഗ്രന്ഥശാല 69.71, 10-ാം ബൂത്തായ ഗവ: എൽ.പി.എസിൽ 70.2 ശതമാനം പോളിംഗുമാണ് നടന്നത്. തീരദേശ മേഖലയിലെ ക്രൈസ്തവ , മുസ്ലീം വോട്ടുകളിലെ കുറവാണ് പോളിംഗ് ശതമാനത്തെ ബാധിച്ചത്. മത്സ്യബന്ധനത്തിന് പോയ നല്ലെരു വിഭാഗവും വിദേശത്തുപോയവരുമടക്ക മുള്ളവരുടെ അഭാവമാണ് വോട്ടിംഗ് കുറയാൻ കാരണമെന്നാണ് കരുതുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ അടിയൊഴുക്കുകൾക്കൊപ്പം വിമതർ പിടിക്കുന്ന വോട്ടും വിധി നിർണ്ണയിക്കും. തീരദേശത്തെ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്ന് ബി.ജെ.പി. വിലയിരുത്തുമ്പോൾ തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ വിജയം സുനിശ്ചിതമാണെന്നുമാണ് ഇടത് വലത് മുന്നണികളുടെ വിലയിരുത്തൽ.. ആകെയുള്ള പത്ത് ബൂത്തുകളിൽ ആറും പ്രശ്നബാധിത പട്ടികയിലായതിനാൽ എല്ലായിടത്തും ശക്തമായ പോലീസ് കാവലിലായിരുന്നു പോളിംഗ്. ചെറിയ രീതിയിലുള്ള വാക്കേറ്റങ്ങൾ ഒഴിച്ചാൽ പോളിംഗ് സമാധാനപരമായാണ് അവസാനിച്ചത്. ഇന്ന് രാവിലെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് പാർട്ടികളും ജനങ്ങളും