വെങ്ങാനൂരിൽ റോഡ് സെെഡിൽ വൻ ഗർത്തം -അപകടഭീതിയിൽ ജനം
20.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം: വാഹന യാത്രികരെയും കാൽനടയാത്രക്കാരെയും അപകട ഭീതിയിലാക്കി കനാലിലെ ഗർത്തം. അറിഞ്ഞ ഭാവം കാട്ടാതെ അധികൃതർ.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ അപകടങ്ങളിൽപ്പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രം. കാൽനടയാത്രക്കാരായ നിരവധി പേർ കാൽ വഴുതി വീണെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വെങ്ങാനൂർ - മുള്ളു മുക്ക് റോഡിൽ വെങ്ങാനൂർ ജംഗഷന് സമീപമാണ് റോഡിനോട് ചേർന്ന് ഇരുപതടിയോളം താഴ്ചയുള്ള ഗർത്തം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത രണ്ട് സ്കൂളുകളിൽ നിന്നുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികളുമായി നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന റോഡിലെ ടാറിനോട് ചേർന്നാണ് കനാലിൻ്റെ ഗർത്തമുള്ളത്. അടുത്ത കാലത്തായി എതിരെ വന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടയിൽ യാത്രക്കാരുമായി വന്ന കാറും ഓട്ടായും നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിഞ്ഞെങ്കിലും മരത്തിൽ ഇടിച്ച് നിന്നതിനാൽ അത്യ ഹിതം ഒഴിവായി. അപകടം ഒഴിവായി. കാൽനടയാത്രക്കാരായ നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റതായി സമീപവാസികൾ പറയുന്നു.വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, വി.പി. എസ് മലങ്കര ഹയർ സെക്കൻ്ററി സ്കൂൾ എന്നിവക്ക് കഷ്ടിച്ച് നൂറ് മീറ്റർ മാറിയാണ് അപകടക്കെണി. ഗേൾസ് സ്കൂളിലേക്കുള്ള ഏക മാർഗ്ഗവും കനാലിനോട് ചേർന്നുള്ള ഈ റോഡാണ്. കുട്ടികൾകനാലിൽ വീഴുന്നത് പതിവായതിനെ തുടർന്ന് സുകൾ അധികൃതർ ഇടപെട്ട് വശങ്ങളിൽ കമ്പിവേലി കെട്ടി താല്കലിക പരിഹാരം കണ്ടെങ്കിലും അപകട ഭീഷണി മാറിയില്ല. ഒരു ഭാഗത്ത് കമ്പി വല നശിച്ച് പോയതും അപകടസാധ്യത വർദ്ധിപ്പിച്ചു. റോഡിൽ നിന്ന് ചെറുതായൊന്ന് തെന്നിയാലും വാഹനങ്ങൾ കുഴിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്. രണ്ട് പ്രധാന കല്യാണമണ്ഡപവും, നീല കേശി ക്ഷേത്രവും, കച്ചവട സ്ഥാപനങ്ങളും വൃദ്ധസദനവും എല്ലാം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയുള്ള ഗർത്തം അപകട ഭീഷണി ഉയർത്തുന്നത്.