ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ നോക്കുകുത്തി - വിഷ - രാസവസ്തുക്കളടങ്ങിയ മത്സ്യവിപണനം തകൃതി
23.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : അതിർത്തി കടന്നെത്തുന്ന വിഷ - രാസവസ്തുക്കളടങ്ങിയ മത്സ്യവിപണനം തകൃതിയായി നടക്കുമ്പോഴും അധികൃതർക്ക് ഇതൊന്നും അറിഞ്ഞ ഭാവമില്ലെന്ന് ആക്ഷേപം. മൂന്ന് മാസം മുമ്പ് ജില്ലയിലെ വിവിധ ഇടങ്ങളിൽ മീനിൻ്റെ തലയും മുള്ളും കഴിച്ച് ഭക്ഷ്യവിഷബധയേറ്റ് നൂറിലേറെപ്പേർ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തെ തുടർന്ന് വിഷബാധയേറ്റവർ ഭക്ഷിച്ച വസ്തുക്കളുടെ സാമ്പിൽ ശേഖരിച്ച് എറണാകുളത്ത് പരിശോധനക്കയച്ചെങ്കിലും റിപ്പോർട്ട് ഔദ്യോഗികമായി പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. അന്ന് ആദ്യം തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ഉള്ളതായി കണ്ടെത്താനായില്ലെങ്കിലും എറണാകുളത്ത് നടത്തിയ പരിശോധനയിലാണ് മനുഷ്യന് ഏറെ ഹാനികരമാകുന്ന സിഗ്വാ ടെറാ പൊയ്സൻ എന്നറിയപ്പെടുന്ന സിഗ്വാ ടോക്സിൻ എന്ന രാസ വസ്തുവിൻ്റെ സാന്ന്യ ധ്യമുള്ളതായി കണ്ടെത്തിയത്. ഈ സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും
ഈ റിപ്പോർട്ട് പുറത്ത് വിടാനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ അധികൃതർക്കായിട്ടില്ല . ഉൾക്കടലിലെ പവിഴപ്പുറ്റ് നിരകളിൽ കാണുന്ന ആൽഗകൾ തിന്ന് ജീവിക്കുന്ന മത്സ്യങ്ങളിലാണ് ഇത്തരം വിഷാംശം ഉള്ളതെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇവയുടെ തലയിലും മുള്ളിലുമാണ് വിഷാംശം കൂടുതലായി അടിഞ്ഞ് കൂടുന്നത്. ഇത് അതിർത്തി കടന്നെത്തുന്നത് തടയാനുള്ള നടപടി ഇല്ലാത്തതിനാൽ ഇത്തരം മത്സ്യങ്ങളുടെ വിപണനം വ്യാപകമായി നടന്നുവരികയാണ്. തമിഴ്നാട്ടിൽ നിന്ന് പൂവാർ പള്ളത്ത് പ്രവർത്തിക്കുന്ന ഫിഷ് മാർക്കറ്റിൽ ഒരു കണ്ടെയ്നർ നിറയെ എത്തിച്ച കൂറ്റൻ ചെമ്പല്ലി മീനിൻ്റെ തലയും മുള്ളും വിറ്റഴിച്ച പൂവാർ , കാട്ടാക്കട, വിഴിഞ്ഞം, നെടുമങ്ങാട് ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിലെ കുട്ടികളടക്കമുള്ള
ആൾക്കാരെ ആശുപത്രിയിലാക്കിയത്. ഇതിന് പിന്നാലെ പള്ളത്ത് എത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് മുന്നറിയിപ്പ് നൽകുകയും തമിഴ്നാട്ടിൽ നിന്ന് മീൻ കയറ്റി അയച്ച ഏജൻസിക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വളം നിർമ്മാണശാലക്ക് അയക്കാനുള്ള മീൻ കണ്ടെയ്നർ ഡ്രൈവർ തിരിമറി നടത്തി കേരളത്തിൽ എത്തിച്ച് വിൽക്കുകയായിരുന്നു എന്ന മറുപടിയാണ് അധികൃതർക്ക് ലഭിച്ചത്. എല്ലാം ഡ്രൈവറുടെ തലയിൽ വച്ച് കെട്ടി ഏജൻസി തല ഊരിയതോടെ നടപടി പാതിവഴിയിൽ നിന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ദിനംപ്രതി നൂറ് കണക്കിന് ലോറികളാണ് പള്ളം അടക്കമുള്ള മാർക്കറ്റുകളിൽ എത്തുന്നത്. രാസപദാർത്ഥങ്ങൾ ചേർന്നതും ദിവസങ്ങൾ പഴക്കമുള്ളതുമായ ചീഞ്ഞ മീനുകൾവരെ ഇവിടെ എത്തുന്നതായ വ്യാപക പരാതി ഉണ്ടായെങ്കിലും നടപടി ഉണ്ടായില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പുലർച്ചെ ഒരുമണി മുതൽ മാർക്കറ്റുകളിൽ എത്തുന്ന നൂറ്കണക്കിന് ലോഡ് മീനുകൾ നേരം വെളുക്കുന്നതിന് മുൻപ് ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ ചന്തകളിൽ എത്തിച്ചാണ് വിപണനം. കളിയിക്കാവിള, ആറ്റുപുറം, മാവിളക്കടവ് ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകൾ താണ്ടിയെത്തുന്ന മീനുകളുടെ ഗുണനിലവാര പരിശോധനയും കണക്കാണ്. പോലീസും, ആരോഗ്യ വകുപ്പും, ഫിഷറീസ് വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധനക്കിറങ്ങണമെന്നും എങ്കിൽ മാത്രമേ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാനാകുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇങ്ങനെയൊരു പരിശോധന നാളിതുവരെയും മേഖലയിൽ നടന്നിട്ടില്ലെന്നു മാത്രമല്ല ഇനി എന്ന് നടക്കുമെന്നതും കാത്തിരുന്ന് തന്നെ കാണണം.