വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം - രണ്ടാംഘട്ട നിർമ്മാണോത്ഘാടനം 24 ന്
21.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുന്നതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ടത്തിൻ്റെ നിർമ്മാണോത്ഘാടനം ആഘോഷമാക്കാൻ സർക്കാർ.ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കി വാണിജ്യതുറമുഖമായി പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ സമയം കൊണ്ട് നിരവധി റെക്കോഡുകൾ ഭേദിച്ച
വിഴിഞ്ഞം അന്താരാ ഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ടത്തിൻ്റെ നിർമ്മാണോത്ഘാടനം ശനിയാഴ്ചയാണ് നടക്കുക. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ , ജനപ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി വൻ സംഘം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.2015 ൽ നടന്ന തുറമുഖത്തിൻ്റ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ആദ്യ കപ്പൽ അടുപ്പിക്കാൻ ഒൻപത് വർഷം വേണ്ടി വന്നിരുന്നു. ഇത് കണക്കിലെടുത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ തുറമുഖത്തിൻ്റെ ബാക്കിയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കി തുറമുഖത്തിനെ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള തയാറെടുപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒന്നാം ഘട്ട നിർമ്മാണം തുടങ്ങി ആയിരം ദിവസത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്ന അദാനിയുടെ പ്രഖ്യപനവും നിർമ്മാണ കാലയളവിൽ അടിക്കടി ഉണ്ടായ പ്രതികൂല കാലാവസ്ഥ കാരണം പാലിക്കാനായിരുന്നില്ല. അതുകൊണ്ട് തന്നെ സമയബന്ധിതമായി കാര്യങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി രണ്ടാം ഘട്ടത്തിലെ പുലിമുട്ട് നിർമ്മാണം ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നെ തന്നെ അധികൃതർ തുടക്കം കുറിച്ചിരുന്നു.ആദ്യ കരാർ പ്രകാരം 2045-ൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും
2028ൽ തന്നെ ബാക്കിയുള്ള ഘട്ടങ്ങൾ പൂർത്തീകരിക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു.10,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. 2024 ൽ വാണിജ്യതുറമുഖമായി പ്രവർത്തനം തുടങ്ങി ആദ്യ കപ്പലായ സാൻഫെർണാണ്ടോ വന്ന് മടങ്ങിയ ശേഷം ഇതുവരെ 670 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ഇവയിൽ നിന്ന് 14.5 ലക്ഷം കണ്ടെയ്‌നറുകളും കെെകാര്യം ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട്
ഇന്ത്യയിലെ മറ്റ് പ്രമുഖ തുറമുഖങ്ങളെ പിന്തള്ളിയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.ലോകത്തിലെ കൂറ്റൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്താൻ കഴിഞ്ഞതും അഭിമാന നേട്ടമായി .കണ്ടെയ്‌നറുകളുടെ കരമാർഗമുള്ള നീക്കത്തിനായി നിർമ്മിച്ച അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനവും 24ന് നടക്കും. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയിലൂടെ
സാമ്പത്തിക, കാർഷിക, തൊഴിൽ മേഖലകളിൽ വൻ പുരോഗതിയാണ് വരാനിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് അധികൃതർ.