വിഴിഞ്ഞത്ത് പറമ്പിന് തീ പിടിച്ചു - ഏക്കർ കണക്കിന് പറമ്പ് കത്തിനശിച്ചു.
22.01.2026
അയൂബ് ഖാൻ
വിഴിഞ്ഞം : കൂട്ടിയിട്ട ചപ്പുചവറുകൾക്ക് തീയിട്ടതിനെ തുടർന്ന് തീ പടർന്ന് പത്തേക്കറോളം പറമ്പ് കത്തിനശിച്ചു. പുകശ്വസിച്ച് നാട്ടുകാർക്കും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും ശാരീരിക അസ്വസ്തതയുമുണ്ടായി. ഇന്നലെ ഉച്ചക്ക് ശേഷം വിഴിഞ്ഞം കസ്തൂരിക്കുളത്തിന് സമീപത്തെ ഏക്കർകണക്കിന് വരുന്ന പറമ്പിലാണ് തീപടർന്നത്. ആളുകൾ വീട്ടുകാർ വലിച്ചെറിയുന്ന ചപ്പുചവറുകൾക്കാണ് ആദ്യം തീപടർന്നത്. കനത്ത വേനലായതിനാൽ തീ വേഗത്തിൽ പടർന്ന് പിടിച്ചു. വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പറമ്പിലെ കാടും ചെറിയ വൃക്ഷങ്ങളും കത്തിയമർന്നു. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സിനായത് വലിയ അപകടം ഒഴിവാക്കി. ഇതിനിടയിൽ വിഴിഞ്ഞം മാരിടൈം ബോർഡിന് കീഴിലെ പോർട്ട് ഓഫീസിന് സമീപത്തെ കാടുകൾക്കും തീപിടിച്ചു. ഇവിടെയും ഫയർ ഫോഴ്സ് എത്തി തീ അണച്ചു.